കേരളത്തെ പുതിയ വിജ്ഞാന സമൂഹമാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) കേരള എജ്യുക്കേഷന്‍ കോണ്‍ക്ലേവ് 2025 കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാര്‍വത്രിക സാക്ഷരതയും ലിംഗസമത്വവും സാമൂഹിക നീതിയും ഉറപ്പാക്കി കേരളം വിജ്ഞാന സമൂഹമെന്ന നിലയില്‍ ഇതിനകം തന്നെ പേരെടുത്തിട്ടുണ്ട്. എങ്കിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ തൊഴില്‍ മേഖലകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസവും അതിനനുസരിച്ച് മാറണമെന്ന് മന്ത്രി പറഞ്ഞു.

ബിരുദധാരികളുടെ തൊഴില്‍ക്ഷമത കൂട്ടുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. അക്കാദമിക് പഠനവും വ്യവസായത്തിന്റെ ആവശ്യകതകളും തമ്മിലുള്ള അന്തരം നികത്താന്‍ ഇന്‍ഡസ്ട്രി-അക്കാദമിക് പങ്കാളിത്തം അനിവാര്യമാണ്. ‘ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ്’, ‘കണക്ട് കരിയര്‍ ടു ക്യാമ്പസ്’ തുടങ്ങിയ പദ്ധതികള്‍ ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞു.
ഈ പദ്ധതികള്‍ക്ക് കീഴില്‍ 500-ല്‍ അധികം ടെക്‌നോ-ബിസിനസ് ഇന്‍കുബേറ്ററുകള്‍ സ്ഥാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള തൊഴില്‍ പരിചയം നല്‍കുന്നതിന് ‘ഇന്റേണ്‍ഷിപ്പ് 1.0’ പോലുള്ള പദ്ധതികള്‍ നടപ്പാക്കി.

വ്യവസായത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തും. നൈപുണ്യ വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നു. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാംഹ (അടഅജ) കേരള, നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍, ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയ പദ്ധതികളിലൂടെ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍പരമായ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇതിനുപുറമെ, വിദ്യാര്‍ഥികള്‍ക്ക് ജോലിക്ക് തയ്യാറെടുക്കുന്നതിനൊപ്പം തൊഴില്‍ദാതാക്കളാകാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യണം. ഇതിനായി കാമ്പസുകളില്‍ ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍, മെന്ററിംഗ്, ഫണ്ടിംഗ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം പോലുള്ള സംരംഭങ്ങള്‍ ഇതിന് സഹായകമാണ്.

ഗവേഷണം വ്യവസായത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കണമെന്നും മന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ തമ്മില്‍ ശക്തമായ ബന്ധം സ്ഥാപിക്കണം. ‘വിജ്ഞാന കേരളം’ പോലുള്ള പദ്ധതികള്‍ ഗവേഷണത്തെയും വ്യവസായത്തെയും ബന്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. അധ്യാപകര്‍ക്ക് വ്യവസായത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പരിശീലനം നല്‍കേണ്ടത് വളരെ പ്രധാനമാണ്.

എല്ലാ കമ്പനികളും കുറഞ്ഞത് ഒന്നോ രണ്ടോ സ്ഥാപനങ്ങളുമായി സഹകരിച്ചാല്‍ കേരളത്തിന്റെ തൊഴില്‍ മേഖലയെ വളരെ പെട്ടെന്ന് തന്നെ മാറ്റിമറിക്കാന്‍ കഴിയും. ഈ കോണ്‍ക്ലേവ് ചര്‍ച്ചകള്‍ക്ക് മാത്രമുള്ള ഒരു വേദിയായി ചുരുങ്ങരുത്, മറിച്ച് പ്രവര്‍ത്തനപരമായ ഫലങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *