ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര പദ്ധതികള്‍ക്കെതിരെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഫെഡറല്‍ സര്‍ക്കാര്‍ അടച്ചിടലിനിടെ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ നിയമലംഘനത്തിന് വഴിവയ്ക്കാമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന ഫെഡറല്‍ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി.

പ്രസിഡന്റ് ട്രംപും മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഓഫീസ് ഡയറക്ടര്‍ റസല്‍ വോഗ്റ്റും അടച്ചിടല്‍ കാലത്ത് വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ (Reduction in Force – RIF) ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്തരം നടപടികള്‍ അപ്രോപ്രിയേഷന്‍സ് നിയമത്തെയും ‘Antideficiency Act’ നെയും ലംഘിക്കുന്നതാകാമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഷട് ഡൗണ്‍ സമയത്ത് കോണ്‍ഗ്രസ്സിന്റെ അനുമതിയില്ലാതെ ചെലവുകള്‍ നടത്താനോ പുതിയ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാനോ കഴിയില്ലെന്നും, ഇതില്‍ സെവറന്‍സ് പാക്കേജ് പോലുള്ള പിരിച്ചുവിടലുകളോടനുബന്ധിച്ച ചെലവുകളും ഉള്‍പ്പെടാമെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതിനിടെ, തൊഴിലാളി യൂണിയനുകള്‍ ഇതിനുമേല്‍ നിയമ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വൈറ്റ് ഹൗസില്‍ നടന്ന ആന്തരിക ചര്‍ച്ചകള്‍ പ്രകാരം വിവിധ ഏജന്‍സികളില്‍ 16,000ല്‍ താഴെ ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ പദ്ധതിയിട്ടിരിക്കുന്നത്. മുമ്പ് വൈറ്റ് ഹൗസ് സൂചിപ്പിച്ചതിനേക്കാള്‍ ചെറിയ തോതിലുള്ള പദ്ധതിയാണിത്.

എന്നിരുന്നാലും, OMB കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ റേച്ചല്‍ കൗലി പ്രസ്താവനയില്‍ വ്യക്തമാക്കി: ‘RIF നടപടികള്‍ പ്രസിഡന്റിന്റെ ഭരണഘടനാപരമായ അധികാരത്തിനുള്ളില്‍ വരുന്ന ഒന്നാണ്. വിദേശ നയങ്ങള്‍ കൈകാര്യം ചെയ്യുന്ന പോലെ തന്നെ, എക്‌സിക്യൂട്ടീവ് ബ്രാഞ്ചിനെ നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനുമുള്ള പ്രസിഡന്റിന്റെ അധികാരത്തിന്റെ ഭാഗമാണ് ഇത്.”

Shutdown തുടരുന്നതിനാല്‍ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ നേതാക്കള്‍ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ശക്തമാകുകയാണ്. പരസ്പരം കുറ്റപ്പെടുത്തലുകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നപ്പോള്‍, സര്‍ക്കാര്‍ അടച്ചിടല്‍ വ്യാഴാഴ്ചയും തുടര്‍ന്നു, കോണ്‍ഗ്രസില്‍ വോട്ടെടുപ്പിനുള്ള പദ്ധതികളൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *