”അന്നോട് സംസാരിക്കാന്‍ മറ്റേ ഭാഷ വേണ്ടിവരും”; പറയുന്നതൊരു മന്ത്രിയാണ്

മെസി വരുമോ? ഇല്ലയോ?
അതാണല്ലോ ചര്‍ച്ച.
ചാനലായ ചാനലൊക്കെ കൊണ്ടു പിടിച്ചിട്ടുണ്ട്.
നാട്ടുകാര്‍ക്കൊന്നും മനസിലായിട്ടില്ല.
അവര്‍ക്കതിനുള്ള നേരവുമില്ല.
ഒരു ചാണ്‍ വയറിന്റെ കാര്യമാണ് അവര്‍ നോക്കുന്നത്.

പുലാമന്തോള്‍ തര്‍ക്കം

മെസി പ്രശ്്‌നം മലപ്പുറത്തെ പുലാമന്തോളിലുമെത്തി.
സ്‌പോര്‍ട്‌സ് മന്ത്രി വി.അബ്്ദുറഹ്‌മാന്‍ മാധ്യമങ്ങളെ കാണുകയാണ്.
മെസിയെ പറ്റിയാണ് ചോദ്യം. സ്വാഭാവികം.
24 ടി.വി ചാനലിന്റെ റിപ്പോര്‍ട്ടറുടെ ചോദ്യം മന്ത്രിക്ക് പിടിച്ചില്ല.
റിപ്പോര്‍ട്ടര്‍ അയാളുടെ ജോലിയാണ് എടുത്തത്.
മെസി വരില്ലേ?
ചോദ്യം മന്ത്രിക്ക് രസിച്ചില്ല.
അപ്പോള്‍ മന്ത്രി നല്‍കിയ മറുപടിയാണ് ഈ വാര്‍ത്തയുടെ ഹെഡ്ഡിംഗില്‍ ഉള്ളത്.

സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാം
പഞ്ചായത്ത് മെമ്പര്‍ മുതല്‍ മന്ത്രി വരെയുള്ളവരുടെ പണി സമ്മര്‍ദ്ദം നിറഞ്ഞതാണ്. പഞ്ചായത്ത് മെമ്പറോട് വാര്‍ഡിലുള്ളവര്‍ ചോദിക്കുന്നത് മിനിമം ആവശ്യങ്ങളാണ്. വീട്ടില്‍ കറണ്ടില്ല. കുടിവെള്ളമില്ല. വീടിന് മുന്നിലെ റോഡില്‍ പട്ടി ചത്തു കിടക്കുന്നു. ഇങ്ങനെയുള്ള സില്ലി കാര്യങ്ങള്‍.
മന്ത്രിയുടെ കാര്യം അങ്ങനെയല്ല. പി.എം.ശ്രീ മുതല്‍ മെസി വരെ മൈക്കിന്റെ തുമ്പില്‍ ചോദ്യമായെത്തും. ഉത്തരം പറഞ്ഞേ പറ്റു. അവിടെ സമനില കൈവിടരുത്. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങരുത്. മന്ത്രി അബ്്ദുറഹ്‌മാനും..

സ്‌പോര്‍സര്‍ കുരുക്ക്
മെസി പ്രശ്‌നം ചാലനുകള്‍ മിനുക്കിയെടുക്കുന്നതാണെന്ന് കരക്കമ്പിയുണ്ട്. റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്ന രണ്ട് ചാലനുകള്‍ കമ്പവലിയാണ്. ഒരു ചാനലാണ് മെസിയുടെ സ്‌പോണ്‍സര്‍. മെസി വന്നാല്‍ അവരുടെ റേറ്റിംഗ് കുത്തനെ ഉയരും. അതിനെ തടയിടാനാണ് മറ്റവന്റെ ശ്രമം. ഇത് മന്ത്രിക്കും അറിയാം. ചാനലുകള്‍ തമ്മിലുള്ള വടം വലിയില്‍ മന്ത്രി എന്തിന് കക്ഷി ചേരണം? ഏതെങ്കിലും ഒരു ചാനലിന്റെ തണലിലാണോ ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്? മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്ന മുഖ്യമന്ത്രിയുള്ളപ്പോള്‍ മന്ത്രിമാര്‍ എന്തിന് ഇങ്ങനെ ചെയ്യണം. ഒരു ചാനലിന്റെ ചെലവില്‍ വളരേണ്ടതാണോ ഈ സര്‍ക്കാരിന്റെ പ്രതിച്ഛായ? അല്ലെങ്കില്‍ മന്ത്രിയുടെ ജനപ്രീതി? ഇവിടെ നീറുന്ന പ്രശ്്‌നങ്ങള്‍ വേറെയുണ്ട്.

നാട്ടുകാരുടെ പ്രശ്‌നങ്ങള്‍
മെസി വരുമോ പോകുമോ എന്നതൊന്നും നാട്ടുകാരുടെ പ്രശ്‌നമല്ല. യുവാക്കളുടെ വോട്ട് ലാക്കാക്കിയാണ് മന്ത്രി ആവേശം കൊള്ളുന്നതെങ്കില്‍, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന ലക്ഷക്കണക്കിന് കുടുംബ നാഥന്‍മാരും കുടുംബിനികളും ഉണ്ടിവിടെ. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയവര്‍. കറണ്ട് ബില്ലും വാട്ടര്‍ ബില്ലും അടക്കാന്‍ കഴിയാത്തവര്‍, പൊട്ടിപൊളിയാത്ത റോഡിലൂടെ പോകാന്‍ ആഗ്രഹിക്കുന്നവര്‍..അങ്ങനെ പറഞ്ഞാല്‍ തീരാത്ത പ്രാരാബ്ദങ്ങളുണ്ടിവിടെ. മെസി വന്ന് പോയാലൊന്നും അത് തീരില്ല. കുറച്ചു ദിവസം മാത്രമുണ്ടാകും മെസി തരംഗം. അതു കഴിഞ്ഞാല്‍ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *