മന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു. അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായ പവന്‍ പാണ്ഡെയെ പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് പുറത്താക്കി. മറ്റൊരു പാര്‍ട്ടി അംഗമായ ആഷു മാലികിനെ മര്‍ദ്ദിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ആറുവര്‍ഷം കാലാവധിവച്ചാണ് പവന്‍ പാണ്ഡെയെ പുറത്തായിരിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍, പവന്‍ പാണ്ഡെയെ മന്ത്രിസഭയില്‍ നിന്നുകൂടി പുറത്താക്കണമെന്നാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനു കത്തയച്ചിട്ടുണ്ടെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു.

അച്ചടക്ക ലംഘനവും ഗുണ്ടായിസവും പാര്‍ട്ടിക്കുള്ളില്‍ അനുവദിക്കില്ലെന്നും ശിവ്പാല്‍ യാദവ് വ്യക്തമാക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വസതിയില്‍ വച്ച് പാണ്ഡെ തന്നെ മര്‍ദിച്ചുവെന്നാണ് ആഷു മാലിക് പരാതി നല്‍കിയിരുന്നത്. അഖിലേഷ് അവിടെ ഇല്ലാതിരുന്ന സമയത്താണ് സംഭവം. അയോധ്യയില്‍ നിന്നുള്ള നിയമസഭാംഗമായ പവന്‍ പാണ്ഡെയുടെ ആക്രമണത്തില്‍ നിന്ന് തന്നെ അന്ന് രക്ഷിച്ചത്, പിന്നീട് അവിടെയെട്ത്തിയഅഖിലേഷ് യാദവാണെന്നും മാലിക് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് അഖിലേഷ് യാദവും, ഇളയച്ഛനും പാര്‍ട്ടി നേതാവുമായ ശിവ്പാല്‍ യാദവും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. ഇതേത്തുടര്‍ന്ന് ശിവ്പാല്‍ യാദവടക്കം നാല് മന്ത്രിമാരെ അഖിലേഷ് യാദവ് തന്റെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കുയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *