തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ രീതിയില്‍ തെരുവ് നായ്ക്കളുടെ അക്രമം നടക്കുകയാണ്. ഇതിന്ന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ എതിര്‍പ്പുമായി രംഗത്തെത്തുന്ന സംഘടനകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മന്ത്രി കെടി ജലീല്‍ ആവശ്യപ്പെട്ടു. തെരുവ് നായ ശല്യത്തിന് പരിഹാരം കാണാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ തെരുവ് നായകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. തെരുവ് നായകളെ കൊല്ലുക തന്നെ വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പി.കെ ബഷീര്‍ എം.എല്‍.എ നിയമഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നായകളെ കൊന്നൊടുക്കുന്നതിന് ചില നിയമതടസങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയെങ്കിലും അക്രമകാരികളായ നായകളെ വേദനയില്ലാതെ കൊന്നൊടുക്കുന്നതിന് നിയമം അനവദിക്കുന്നുണ്ടെന്ന് പ്രതിപക്ഷം വാദിച്ചു.തെരുവുനായകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നാല് മാസത്തിനുള്ളില്‍ നാല് പേരാണ് സംസ്ഥാനത്ത് തെരുവ് നായകളുടെ അക്രമം മൂലം മരിച്ചത്. എന്നിട്ടും സര്‍ക്കാരിന്റെ തെരുവുനായ നിവാരണ പ്രവര്‍ത്തനം പര്യാപ്തമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രശ്‌നത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രശ്‌നം ഗൗരമായി തന്നെ കാണുമെന്നും കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു.
