മലപ്പുറം സിവില്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനം ഭീകര സംഘടന ആസൂത്രിതമായി നടത്തിയതെന്നതിന് കൂടുതല്‍ തെളിവ്. സംഭവ സ്ഥലത്തു നിന്നും ലഭിച്ച പെന്‍ഡ്രൈവില്‍ ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സ്‌ഫോടന കേസ് നാര്‍കോട്ടിക്ക് ഡി.വൈ.എസ്.പി പി.ടി ബാലന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ദേശീയ അന്വേഷണ ഏജന്‍സിയും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം സിവില്‍ സ്റ്റേഷനിലെ കോടതി വളപ്പില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്തു നിന്ന് ലഭിച്ച പെന്‍ഡ്രൈവിലെ വിശദ്ദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ദ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരില്‍ ലഭിച്ച പെട്ടിക്കുള്ളില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവില്‍ ഇത്തരത്തില്‍ നേരത്തെ നടത്തിയ സ്‌ഫോടന വിവരങ്ങളും ഇനി നടത്താന്‍ പോകുന്ന കാര്യങ്ങളുമാണ് ഉള്ളതെന്ന് തൃശൂര്‍ റേയ്ഞ്ച് ഐ.ജി. എം.ആര്‍. അജിത്ത് കുമാര്‍ പറഞ്ഞു. സ്‌ഫോടനം അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ സംഘവും സ്ഥലത്തെത്തി. ഡി.വൈ.എസ്.പി അബ്ദുള്‍ ഖാദറിന്റെ നേൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലം പരിശോധിക്കുന്നത്. സംഘം ഇവിടെ തെളിവെടുപ്പ് നടത്തി. എന്‍.ഐ.എ സംഘത്തിനു പുറമേ ഉച്ചയ്ക്കു ശേഷം മൈസൂരു സ്‌ഫോടനം അന്വേഷിക്കുന്ന കര്‍ണാടക പോലീസിന്റെ വിഭാഗവും മലപ്പുറത്ത് തെളിവെടുപ്പ് നടത്തും.സമാനമായ രീതിയിലുള്ള സ്‌ഫോടനമാണ് മൈസൂരു കലക്ടറേറ്റിലും മലപ്പുറത്തും നടന്നത്.അതിനിടെ, സ്‌ഫോടനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.ടി ബാലന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഈ പ്രത്യേക സംഘം മലപ്പുറത്തെത്തി അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
