തിരുവനന്തപുരം • 500,1000 രൂപാ നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കുടുങ്ങിയത് സാധാരണക്കാര്‍. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറാനാവാതെ പലരും കുഴങ്ങി. പെട്രോള്‍ പമ്ബില്‍നിന്നു നോട്ടുകള്‍ മാറ്റി നല്‍കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ബാക്കി നല്‍കാന്‍ ചില്ലറയില്ലാത്തതിനാല്‍ പമ്ബുകാരും കുടുങ്ങി.
രാവിലെ ബസുകളില്‍ ടിക്കറ്റിനായി അഞ്ഞൂറു രൂപ നല്‍കിയെങ്കിലും അവരും നോട്ടുകള്‍ സ്വീകരിക്കാന്‍ തയാറായില്ല. ഹോട്ടലുകളിലും ചെറുകിട വ്യാപര സ്ഥാപനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. വന്‍കിട വ്യാപാരികള്‍ മാത്രമാണ് വലിയ നോട്ടുകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം അറിയാതെ ട്രെയിനുകളിലും മറ്റും യാത്രയിലായിരുക്കുന്നവരും ആശങ്കയിലാണ്.
അപ്രതീക്ഷിതമായി ബാങ്കുകള്‍ക്ക് അവധി കൊടുത്തതും തിരിച്ചടിയായത് സാധാരണക്കാര്‍ക്കാണ്. പരീക്ഷകള്‍ക്കും മറ്റും ഫീസ് അടയ്ക്കാന്‍ ബാങ്കുകള്‍ ഒരുക്കുന്ന സൗകര്യം ഇന്നും നാളെയും ഉണ്ടാകുമോയെന്ന് ഇപ്പോഴും വ്യക്തതയില്ലാത്തത് വിദ്യാര്‍ഥികളെയും കുഴക്കുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റേത് ഉചിതമായ തീരുമാനം ആയിരുന്നെന്നും അല്‍പ്പമെങ്കിലും സമയം നല്‍കിയിരുന്നെങ്കില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
