കൊച്ചി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് എട്ടിന്റെ പണി കേന്ദ്രം നല്കിയപ്പോള്‍ കോടികളുടെ കുഴല്‍പ്പണം എങ്ങനെ വെളുപ്പിക്കുമെന്ന ആശങ്കയില്‍ ഒരു വിഭാഗം. ഹവാല പണം പലരുടെയും കേന്ദ്രങ്ങളിലെ രഹസ്യ അറകളിലാണ്. പെട്ടെന്ന് ഇത്രയും പണം വെളുപ്പിക്കുക അസാധ്യവും. ലക്ഷങ്ങളുടെ ഇടപാട് നടത്തുന്ന ഇത്തരം ഹവാല സംഘങ്ങള്‍ മറ്റുള്ളവരുടെ സഹായത്തോടെയും മറ്റും ചെറിയ തുകകളായി ഡിസംബര്‍ 30നകം മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ നിയന്ത്രമണമുള്ളതിനാല്‍ നാട്ടുകാരാരും സഹായത്തിന് അത്ര സന്നദ്ധരല്ല. ഈ സാഹചര്യത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളെ നോട്ടുമാറ്റാന്‍ ഉപയോഗിക്കുന്നവരുമുണ്ട്. വായ്പ കുടിശികയുള്ളവരെ കണ്ടെത്തി ബാങ്ക് ഇടപാട് നടത്തുകയാണ് ഹവാല സംഘങ്ങള്‍ ആലോചിക്കുന്ന ഒരു വഴി. ബാങ്കില്‍ അടയ്ക്കാനുള്ള തുകയേക്കാള്‍ കൂടുതലുള്ള ചെക്ക് വാങ്ങി ഹവാല പണം നല്കുന്നതാണ് രീതി.
ഗള്‍ഫിലെ പ്രവാസികളില്‍ നിന്ന് അവിടുത്തെ കറന്‍സി സ്വീകരിച്ച് നാട്ടിലെ ഏജന്റുമാര്‍ വഴി വീടുകളിലെത്തിക്കാന്‍ ഇത്തരം സംഘങ്ങളുടെ കുഴല്‍പ്പണ ശേഖരം ഉപയോഗിച്ചിരുന്നു. ഇത്തരം സംഘങ്ങളും അങ്കലാപ്പിലാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപവും നിരീക്ഷിക്കാനുള്ള നികുതി വകുപ്പിന്റെ നീക്കം ഇത്തരം സ്ഥാപനങ്ങളിലെ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങളെയും ബാധിക്കും.
