ന്യൂഡല്‍ഹി: നിരോധിച്ച പഴയനോട്ടുകള്‍ മാറ്റിനല്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ മാസം എട്ടിന് പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം വെട്ടിക്കുറച്ചേക്കുമെന്ന് സീ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ബാങ്കുകളിലൂടെയും പോസ്റ്റ്ഓഫീസുകളിലൂടെയുമാണ് നോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിച്ചിരിക്കുന്നത്. വന്‍തോതിലുള്ള നോട്ട് കൈമാറ്റവും പണംപിന്‍വലിക്കലും നിരോധിച്ചിട്ടും കള്ളപ്പണം വിവിധ വഴികളിലൂടെ മാറ്റിയെടുക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ട് മാറ്റിയെടുക്കല്‍ മുഴുവനായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നു സൂചന.
ഈ മാസം 24ന് ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുമെന്നു സൂചനയുണ്ട്. നോട്ട് മാറ്റിയെടുക്കല്‍ അവസാനിപ്പിക്കുമെങ്കിലും പഴയ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതിയുണ്ടാകുമെന്ന് സീന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുന്ന പണം എടിഎമ്മുകളിലൂടെയും ചെക്കു വഴിയും പിന്‍വലിക്കാന്‍ സാധിക്കും. ബാങ്കില്‍നിന്നു മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ പരിധി തുടക്കത്തില്‍ 4000 രൂപയായിരുന്നത് പിന്നീട് 4500 രൂപയാക്കിയെങ്കിലും കഴിഞ്ഞദിവസം ഇത് 2000ലേക്കു വെട്ടിക്കുറച്ചിരുന്നു. ഒരു വ്യക്തിക്ക് ഒറ്റത്തവണയേ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയൂ. എന്നാല്‍ വിവാഹാവശ്യങ്ങള്‍ക്ക് രണ്ടരലക്ഷം രൂപവരെയും കര്‍ഷകര്‍ക്കു വായ്പയില്‍നിന്ന് 25,000 രൂപവരെയും പിന്‍വലിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
