മുംബൈ: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സിനും 36 റണ്‍സിനും ദയനീയ തോല്‍വി ഏറ്റുവാങ്ങി ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ടീം ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവച്ചു. വിജയം നാല് വിക്കറ്റ് മാത്രം അകലെയായിരുന്ന അഞ്ചാം ദിനം എല്ലാം ഒരു ചടങ്ങ് പോലെയായി. 182/6 എന്ന നിലയില്‍ ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 195 റണ്‍സിന് എല്ലാവരും പുറത്തായി. അവസാന ദിനം 13 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാന്‍ കഴിഞ്ഞത്. രണ്ടാം ഇന്നിംഗ്സിലും ആറ് വിക്കറ്റ് നേടിയ ആര്.അശ്വിന്റെ മുന്നില്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിര ഒരിക്കല്‍ കൂടി തകര്‍ന്നടിയുകയായിരുന്നു.
രവീന്ദ ജഡേജ മൂന്ന് വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സിലും ആറ് വിക്കറ്റ് നേടിയ അശ്വിന് മത്സരത്തില്‍ 12 വിക്കറ്റ് കൊയ്തു. 231 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനെത്തിയിരുന്നത്. നാലാം ദിനം തന്നെ അവര്‍ക്ക് ആറ് വിക്കറ്റ് നഷ്ടമായിരുന്നു. ഉറപ്പായിരുന്ന പരാജയം എത്ര വൈകുമെന്ന് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. ജോ റൂട്ട് (77), ജോണി ബെയിര്‍സ്റ്റോ (51) എന്നിവര്‍ മാത്രമാണ് സന്ദര്‍ശക നിരയില്‍ പൊരുതി നോക്കിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കി കഴിഞ്ഞു.
ആദ്യ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് 16ന് ചെന്നൈയില്‍ തുടങ്ങും. സ്കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 400, രണ്ടാം ഇന്നിംഗ്സ് 195. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 631.
