നോട്ട് നിരോധനം ദേശീയ ദുരന്തം

ന്യൂഡല്‍ഹി: നോട്ട് നിരോധനം ദേശീയ ദുരന്തമായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു നയിച്ചിരിക്കുകയാണ്. സാധാരണക്കാരെ കൂടുതല്‍ കുഴപ്പങ്ങളിലേക്കു തള്ളിയിടുന്ന ഭരണമാണ് മോദിയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു. നോട്ട് ആസാധുവാക്കിയതുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളും എംപിമാരും എംഎല്‍എമാരും ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി. നോട്ട് പിന്‍വലിച്ചതിലൂടെ ജനങ്ങളോട് മാപ്പ് അര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമാണ് മോദി ചെയ്തിരിക്കുന്നത്. ഇതുപോലൊരു പ്രതിസന്ധി രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ആന്റ്ണി ചൂണ്ടിക്കാട്ടി. കേരളത്തിലെ സഹകരണമേഖലയിലെ പ്രതിസന്ധി സാധാരണക്കാരെ ബാധിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി പ്രഖ്യാപിച്ച ഈ നടപടി വന്‍ കുംഭകോണമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നില്ല. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിനു വേണ്ട പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കുന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *