കോതമംഗലം: തങ്കളത്ത് നെല്ലിക്കുഴി സെന്റ് ജോസഫ്‌സ് പള്ളിയുടെ കപ്പേളയുടെ ഗ്ലാസ് ഡോറുകള്‍ അടിച്ച് തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ബൈക്കിലെത്തിയ മൂന്നു പേരാണെന്നു സംശയിക്കുന്നു. ഞായറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. തങ്കളത്ത് ധര്‍മ്മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസിനു മുന്നിലുള്ള കപ്പേളയ്ക്കു നേരെയാണ് ആക്രമണം നടന്നത്. കപ്പേളയക്കു സമീപം എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന റാഡോ ടയേഴ്‌സിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശബ്ദം കേട്ട് നോക്കുമ്പോള്‍ സംഭവസ്ഥലത്തു നിന്നും മൂന്നുപേര്‍ ബൈക്കില്‍ കയറി പോകുന്നതുകണ്ടതായി പറയുന്നു. രാത്രി പന്ത്രണ്ടോടെ രാത്രി പെട്രോളിംഗിനെത്തിയ കോതമംഗലം പോലീസിലും സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്.
ആലുവ മൂന്നാര്‍ റോഡിന്റെ ഓരത്ത് നിന്നും അല്‍പ്പം ഉള്ളിലേയ്ക്കു കയറി സ്ഥിതി ചെയ്യുന്ന കപ്പേളയുടെ പടികള്‍ കയറി ഉള്ളില്‍ ചെന്നാണ് ഗ്ലാസ് വാതിലുകള്‍ തകര്‍ത്തിട്ടുള്ളത്. സംഭവമറിഞ്ഞ് ഇന്നു പുലര്‍ച്ചെ രൂപത വികാരി ജനറാള്‍ മോണ്‍.ജോര്‍ജ് ഓലിയപ്പുറം, ഇടവക വികാരി ഫാ.ജോര്‍ജി പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. കപ്പേളയ്ക്കു മുന്നിലെ ഭണ്ഡാരത്തിനു കേടുപാടുകളൊന്നും വരുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ കവര്‍ച്ച ലക്ഷ്യമിട്ടല്ല ആക്രമണം എന്ന് വ്യക്തമായിട്ടുണ്ട്. കപ്പേള തകര്‍ത്തതറിഞ്ഞ് നൂറുകണക്കിനു വിശ്വാസികളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് രാവിലെ സംഭവ സ്ഥലത്ത് തടിച്ചുകൂടിയത്.
