ശബരിമല: മണ്ഡലപൂജയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശബരിമല ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങളൊരുക്കി സിആര്‍പിഎഫിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ദ്രുതകര്‍മ്മസേന). മൂന്നു തലത്തിലുള്ള സുരക്ഷയാണ് ആര്‍എഎഫ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തും തിരുമുറ്റത്തും കൊടിമരച്ചുവട്ടിലുമുള്ള ഒന്നാമത്തെതലം. നടപ്പന്തലിന്റെ തുടക്കംമുതല്‍ പതിനെട്ടാംപടിക്ക് താഴെവരെയുള്ള രണ്ടാമത്തെ തലം. വലിയനടപ്പന്തലിന് പുറത്തുള്ള ഭാഗം മൂന്നാം തലം എന്നിങ്ങനെയാണ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. സിആര്‍പിഎഫിന് ലഹളകള്‍ നിയന്ത്രിക്കുന്നതിന് പത്ത് യൂണിറ്റുകളാണ് ഉള്ളത്. അതില്‍ 105ാം ബറ്റാലിയനില്‍നിന്നുള്ള രണ്ട് കമ്പനികളാണ് ശബരിമലയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ 260 സേനാംഗങ്ങളുണ്ട്. ഡെപ്യൂട്ടി കമാന്‍ഡന്റ് മധു ജി നായരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എഎഫിന്റെ ദക്ഷിണേന്ത്യയിലെ ആസ്ഥാനം കോയമ്പത്തൂരാണ്. ശബരിമല സന്നിധാനം കൂടാതെ മണ്ഡലപൂജ മകരവിളക്ക് മഹോത്സവങ്ങളുടെ ഭാഗമായി മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ആര്‍എഎഫ് സുരക്ഷാ സംവിധാനവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തിരുവാഭരണം കൊണ്ടുവരുന്നതിന് മുന്നോടിയായി യൂ ടേണ്മുതല് നടപ്പന്തല്‍വരെ പ്രത്യേക സുരക്ഷാവലയം തീര്‍ക്കും. സന്നിധാനം ശ്രീകോവില്‍ എന്നിവിടങ്ങളില്‍ സായുധ സുരക്ഷയാണ് സേനയുടെ ദൗത്യം. ഏതുതരത്തിലുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ വേണ്ടശേഷി സേനയ്ക്കുണ്ട്. എക്സ്95 റൈഫിളേന്തിയ ഭടന്മാര്ക്കാണ് ശ്രീകോവിലിന്റെ സുരക്ഷ. നൈറ്റ് വിഷന്‍ സംവിധാനമുള്ള ആയുധമാണിത്. എ.കെ47 റൈഫിളുകളും സേന ധാരാളമായി ഉപയോഗിക്കുന്നു. കാഴ്ചയില്‍ പേടിതോന്നിക്കാത്ത ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന ആയുധം എന്നതാണ് എക്്സ്95ന്റെ സവിശേഷത. സന്നിധാനത്ത് രണ്ടിടത്തായി സ്ഥാപിച്ചിട്ടുള്ള കാമറകള്‍ ആര്‍എഎഫിന്റെ കോയമ്പത്തൂര്‍, ഡല്‍ഹി കേന്ദ്രങ്ങളാണ് നിയന്ത്രിക്കുന്നത്. നൈറ്റ് വിഷന്‍ ബൈനോക്കുലറുകളും ഡ്രാഗണ്‍ ലൈറ്റുകളും സേനയുടെ കൈവശമുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടകം, പോണ്ടിച്ചേരി, ആന്‍ഡമാന്‍, നിക്കോബാര്‍, ആന്ധ്രാപ്രദേശിലെ 3 ജില്ലകള്‍ എന്നിവിടങ്ങളാണ് കോയമ്പത്തൂര്‍ ആര്‍എഎഫിന്റെ പരിധിയില്‍പ്പെടുന്നത്. സേനയുടെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷയില്‍ മാത്രം ഒതുങ്ങുന്നതല്ല. പുണ്യം പൂങ്കാവനം പദ്ധതിയുടെയും ശബരിമല സാനിട്ടേഷന്‍ പരിപാടികളുടെയും പ്രധാന പങ്കാളികളാണ് ആര്‍എഎഫ്. എല്ലാ ഞായറാഴ്ചകളിലും ആര്‍എഎഫിന്റെ നൂറ് പേരടങ്ങുന്ന സംഘം സന്നിധിയിലെത്തി ശബരിമലയിലെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. ഡപ്യൂട്ടി കമാന്‍ഡന്റിനെ കൂടാതെ മൂന്ന് അസിസ്റ്റന്റ് കമാന്‍ഡന്റു മാര്‍, ആറ് ഇന്‍സ്പെക്ടര്‍മാര്‍, 13 സബ് ഇന്‍സ്പെക്ടര്‍മാര്‍, എന്നിവര്‍ക്കാണ് സേനയുടെ മേല്‍നോട്ട ചുമതല. കേന്ദ്രസേനയുടെ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശബരിമലയില്‍ പുതിയ മാതൃകകളാണ് സൃഷ്ടിക്കുന്നത്.
