37 ലക്ഷത്തിന്റെ കറന്‍സി പിടികൂടി

മലപ്പുറം: തിരൂരില്‍ വന്‍ കുഴല്‍ പണ വേട്ട. പുതിയ നോട്ടുകളുടെ വന്‍ ശേഖരമാണ് പിടികൂടിയിരിക്കുന്നത്. കുഴല്‍പണ വിതരണക്കാരില്‍ നിന്നും ഇന്നലെയാണ് 40 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്. ഇതില്‍ 1854 രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ്. സംഭവത്തില്‍ മണ്ണാര്‍ക്കാട് അരിയൂര്‍ കൊമ്ബത്ത് ഷൗക്കത്തലി (53) യെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാന്‍ മുഖ്യപ്രതി ഷാനിഫ് ബാബു (36)വിനെ പിടികൂടാനായിട്ടില്ല.

ഇന്നലെ രാവിലെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേഭേഷ് കുമാര്‍ ബെഹ്‌റക്ക് കുഴല്‍പണം സംബന്ധിച്ച രഹസ്യവിവരം ലഭിച്ചത്. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈഎസ് പി എ.ജെ ജേക്കബ്, സി.ഐ എം.കെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍പണവുമായി തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഷൗക്കത്തലിയെ പിടികൂടിയത്.
തിരൂര്‍, വളാഞ്ചേരി പരിസരങ്ങളിലെ ഒമ്ബത് പേര്‍ക്ക് വിതരണം ചെയ്യാനുള്ള മൂന്ന് ലക്ഷം രൂപയും എത്തിക്കേണ്ടവരുടെ പേരുവിവരവും ഇയാളില്‍ നിന്നും പിടികൂടി.

മേലാറ്റൂരിലെ ഷാനിഫ് ബാബുവില്‍ നിന്നാണ് വിതരണത്തിന് പണം ലഭിച്ചതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഷൗക്കത്തലി പറഞ്ഞു. ഇതനുസരിച്ച് ഷാനിഫ് ബാബുവിന്റെ വീട്ടില്‍ നിന്നുമാണ് രണ്ടായിരം നോട്ടുകളടക്കം 37 ലക്ഷം പിടികൂടിയത്. വിട്ടില്‍ കട്ടിലിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. നോട്ടെണ്ണുന്ന യന്ത്രവും ലാപ്‌ടോപ്പും മറ്റു ഉപകരണങ്ങളും ഷാനിഫിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ പിടികൂടാനായിട്ടില്ല. എസ്.ഐ കെ.ആര്‍ രജ്ഞിത്ത് , എ എസ് ഐ കെ പ്രമോദ്, മുരളീധരന്‍, സി പി ഒ മാരായ രാജേഷ്, ഷാജി, പങ്കജ്, മനോജ്, വനിതാ പൊലീസുകാരായ പ്രിയ ജിനിഷ എന്നിവരടങ്ങുന്ന സംഘമാണ് പിടിച്ചെടുത്തത്.

കുഴല്‍പ്പണത്തില്‍ കള്ളനോട്ട് തിരുകി വിതരണം നടത്തിയ സംഭവത്തില്‍ ഷൗക്കത്തലി നാല് മാസം മുമ്ബ് തിരൂരില്‍ പിടിയിലായിരുന്നു. ഈ കേസിലെ മൂന്നാം പ്രതിയാണ് ഷാനിഫ് ബാബു. ഇയാളെ ഉടന്‍ പിടികൂടുമെന്ന് ഡിവൈഎസ്പി എ ജെ ബാബു പറഞ്ഞു. കൂടുതല്‍ പുതിയ നോട്ടുകള്‍ പിടിച്ച കേരളത്തിലെ ആദ്യ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതിയെയും കസ്റ്റഡിയിലെടുത്ത പണവും ഉപകരണങ്ങളും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്‍കം ടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ക്ക് വിവരം കൈമാറിയതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *