പട്ടിയിറച്ചി വില്‍ക്കുന്നതായുള്ള വ്യാജ പ്രചരണം

ഹൈദരാബാദ്: ഹോട്ടലില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ എം ബി എ വിദ്യാര്‍ത്ഥി അറസ്റ്റിലായി. വി ചന്ദ്രമോഹന്‍ എന്ന 22 കാരനെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഷാ ഗൗസ് ഹോട്ടലിനെതിരെയാണ് ഇയാള്‍ വ്യാജ പ്രചരണം നടത്തിയത്. അതിനിടെ ഹൈദരാബാദിലെ ഏതാനും മാധ്യമങ്ങളും സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ ഹോട്ടലിനെതിരെ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ ഹോട്ടലുടമ മുഹമ്മദ് റബ്ബാനി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും, പ്രചരണം വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

അതേസമയം ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് ചന്ദ്രമോഹന്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ ഷാ ഗൗസ് ഹോട്ടലിലാണ് ഇത്തരത്തില്‍ പട്ടിയിറച്ചി വില്‍ക്കുന്നതെന്ന തരത്തില്‍ സന്ദേശം എഡിറ്റ് ചെയ്ത് ഫോട്ടോ സഹിതം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയായിരുന്നു. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ഹോട്ടലുടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയതിന് ടി വി ചാനലുകള്‍ക്കെതിരെയും ഹോട്ടല്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *