വിഎസിന്റെ കത്തിന് മറുപടിയുമായി എം എം മണി

തിരുവനന്തപുരം: വിഎസിന്റെ കത്തിന് മറുപടിയുമായി വൈദ്യുതിമന്ത്രി എം.എം.മണി. പാര്‍ട്ടിക്കായി താനും ഏറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ അതുപറഞ്ഞ് ആരുടെ പിന്നാലെയും പിച്ചചട്ടിയുമായി നടക്കാറില്ലെന്ന് മണി പറഞ്ഞു. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ വിഎസ് ആയിരുന്നു പാര്‍ട്ടി സെക്രട്ടറി. വിഎസിന്റെ കത്തിനെകുറിച്ച് പ്രതികരിക്കുന്നത് അന്തസിനു ചേര്‍ന്നതല്ല. വിദ്വേഷംവച്ച് ആരോടും പെരുമാറുന്ന രീതി തനിക്കില്ല. മര്യാദയും സത്യസന്ധതയും തനിക്കുണ്ട്. തല പോയാലും ശരിയും ന്യായവുമേ പറയുകയുള്ളുമെന്നും മണി പറഞ്ഞു. നേരത്തെ, എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനു കത്തയച്ചിരുന്നു. കൊലക്കേസില്‍ പ്രതിയായ വ്യക്തി അധികാരസ്ഥാനത്തിരിക്കുന്നതു പാര്‍ട്ടി നയങ്ങള്‍ക്കെതിരാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കയച്ച കത്തില്‍ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അഞ്ചേരി വധക്കേസില്‍ എം.എം. മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണു മണിയെ മന്ത്രിസഭയില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം യെച്ചൂരിക്കു കത്തയച്ചത്. എം.എം. മണി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും മന്ത്രിയായപ്പോഴും കേസ് നിലവിലുള്ളതിനാല്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണു സിപിഎം സ്വീകരിച്ചത്. മണി രാജിവയ്‌ക്കേണ്ടതില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *