ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ അഴിമതി ആരോപണത്തിന്റേയും പശ്ചാത്തലത്തില്‍ പുതുവര്‍ഷത്തില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു. 2017 ജനുവരി 6 മുതലാണ് വിവിധ പ്രതിഷേധ പരിപാടികള്‍ നടക്കുക.
മൂന്ന് ഘട്ടങ്ങളിലായാണ് നിരാഹാര സമര പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടം ജനുവരി 6ന് ആരംഭിക്കും. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡി സഹാറ ഗ്രൂപ്പില്‍ നിന്നും 40 കോടി രൂപ കൈപറ്റിയെന്നാണ് ആരോപണം. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മോഡി പണം കൈപറ്റിയോ ഇല്ലയോ എന്ന് മറുപടി പറയണം. ഇല്ലെങ്കില്‍ സ്വതന്ത്രമായ അന്വേഷണത്തിന് ഉത്തരവിടണം സുര്‍ജേവാല പറഞ്ഞു.
പ്രമുഖ കള്ളപ്പണക്കാരന്‍ മഹേഷ് ഷാ പതിവായി മോഡിയെ സന്‍സര്‍ശിക്കാറുണ്ടെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് മെഹ്ത്ത വ്യക്തമാക്കിയിട്ടുണ്ട്. വരുമാന പ്രഖ്യാപന പദ്ധതിയനുസരിച്ച് 13,860 കോടിയുടെ കള്ളപ്പണം പ്രഖ്യാപിച്ച വ്യക്തിയാണ് മഹേഷ് ഷാ എന്നും സുര്‍ജേവാല പറഞ്ഞു.
