കോഴിക്കോട്: എം.ടി.വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധകൂട്ടായ്മയിലാണ് വിഎസ് എംടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കല്‍ബുര്‍ഗിയെ കൈകാര്യം ചെയ്തതുപോലെ എംടിയെ കൈകാര്യം ചെയ്യാനാണോ സംഘപരിവാര്‍ ശ്രമമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അങ്ങനെയെങ്കില്‍ ആ മോഹം കൈയില്‍വച്ചാല്‍ മതിയെന്നും വിഎസ് പറഞ്ഞു. നിര്‍മാല്യം ചിത്രീകരിച്ചതാണ് എംടിയോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് കാരണമെന്ന് ചടങ്ങില്‍ സംസാരിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞു. ഇന്നാണെങ്കില്‍ എംടിക്ക് നിര്‍മാല്യം എടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും തുഞ്ചന്‍പറമ്പ് ഹൈന്ദവവത്കരിക്കാന്‍ കഴിയാത്തതാണ് അവരുടെ ദു:ഖത്തിന് കാരണമെന്നും കമല്‍ പറഞ്ഞു.
