ന്യൂഡല്‍ഹി: അഴിമതി കേസുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ എംപിമാരെ സിബിഐ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചാല്‍ ആരേയും വെറുതെ വിടില്ലെന്നാണ് മോഡി നല്കുന്ന സന്ദേശമാണിതെന്നും ഇത് മോഡിജിയുടെ രാഷ്ട്രീയ പകപോക്കലാണെന്നും ഇത് പരിതാപകരമാണെന്നും കെജ്രിവാള് ട്വിറ്ററില്‍ പ്രതികരിച്ചു.
റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ എംപി സുധീപ് ബന്ധോപധ്യായയെ ചൊവ്വാഴ്ച്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിബിഐ വെള്ളിയാഴ്ച്ച മറ്റൊരു തൃണമൂല്‍ എംപി തപസ് പോളിനേയും അറസ്റ്റ് ചെയ്തിരുന്നു.
മോഡിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന് ചൊവ്വാഴ്ച്ച മമതാ ബാനര്‍ജിയും പ്രതികരിച്ചിരുന്നു. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവാണ് സുധീപ്. നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചതിന് മോഡി സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണ്. എന്തുതന്നെ സംഭവിച്ചാലും നോട്ടുനിരോധനത്തിനെതിരെ തൃണമൂല്‍ പോരാടുമെന്നും മമത പറഞ്ഞു.
