യുഡിഎഫ് യോഗത്തില്‍ ലീഗ് നേതാക്കളില്ല

കൊച്ചി: യു ഡി എഫിനെ സമരസജ്ജമാക്കാന്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത ആദ്യ യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ തന്നെ കല്ലുകടി. യുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗത്തില്‍ നിന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ വിട്ടുനിന്നത് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. ഒടുവില്‍ ലീഗ് സംസ്ഥാന നേതൃത്വമടക്കം ഇടപെട്ട് യോഗം അവസാനിക്കുന്നതിന് തൊട്ടുമ്ബാണ് ലീഗ് നേതാക്കള്‍ എത്തിയത്.

പ്രതിപക്ഷമെന്ന നിലയിലെ ഐക്യമുന്നണിയുടെ പ്രവര്‍ത്തനം പരാജയമാണെന്ന സ്വയം വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാതല നേതൃയോഗങ്ങള്‍ വിളിച്ച് സംഘടനയെ ശക്തമാക്കാന്‍ യുഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. ഇത്തരത്തിലെ ആദ്യ യോഗമായിരുന്നു എറണാകുളത്തേത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ വി.എം.സുധീരനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഉമ്മന്‍ചാണ്ടിയുമെത്തി.
ഈ സാഹചര്യത്തിലാണ് മുസ്!ലിം ലീഗ് ജില്ലാ നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്.

കൊച്ചി കോര്‍പറേഷന്‍ മേയറെ മാറ്റണമെന്ന പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിട്ടുനില്‍ക്കുകയാണെന്ന് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ വെട്ടിലായി. തുടര്‍ന്ന് പ്രതിപക്ഷ നേതാവടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടു. ഇതിനിടെ ലീഗ് ആവശ്യം അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിയും സുധീരനും മടങ്ങുംവരെയും ലീഗ് നേതാക്കള്‍ യോഗത്തിനെത്തിയില്ല. ഒടുവില്‍ യോഗമവസാനിപ്പിച്ച് പ്രതിപക്ഷ നേതാവ് പുറത്തിറങ്ങുന്നതിനിടെ ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥലത്തെത്തി. ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാല്‍ യോഗത്തിനെത്താന്‍ വൈകുകയായിരുന്നെന്ന് വിശദീകരിച്ച ലീഗ് നേതാവ് പക്ഷേ, മുന്നണിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തീര്‍ത്തു പറയാന്‍ തയാറായില്ല. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലും യുഡിഎഫ് യോഗങ്ങള്‍ ചേരും.

Leave a Reply

Your email address will not be published. Required fields are marked *