സംഘ്പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രി കണ്ണടക്കുന്നു

മലപ്പുറം : സംവിധായകനും ചലചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനോട് രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ട ബി.ജെ.പി നിലപാട് പ്രതിഷേധാര്‍ഹമാമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കികയായിരുന്നു അദ്ദേഹം.കമലിനെ തീവ്രവാദിയെന്ന് മുദ്രകുത്തി വിദ്വേഷം പ്രചരിപ്പിച്ചതിന് ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷ്ണനും, എം.ടി രമേശിനുമെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം. സംഘ്പരിവാരങ്ങളുടെ ഫാസിസ്റ്റ് നടപടിയെ വിമര്‍ശിക്കുന്നവരെയും ജനാധിപത്യരാജ്യത്ത് തങ്ങള്‍ക്കിഷ്ടമില്ലാത്തത് പറയുന്നവരെയും തീവ്രവാദികളാക്കി നാടുകടത്താമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണ്. കമലിന് മതേതര കേരളമൊരുക്കുന്ന പ്രതിരോധ നിരയില്‍ യൂത്ത് ലീഗും പങ്കു ചേരുന്നു.
ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും പരാതിയില്‍ മാത്രം കേരള പോലീസ് നടപടിയെടുക്കുന്ന  സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. ന്യനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും ആദിവാസി ദളിത് വിഭാഗങ്ങള്‍ക്കെതിരെയും അകാരണമായി നടപടിയെടുക്കുന്ന പോലീസ് സംവിധാനം മൗനം പാലിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്നത്. പോലീസ് പക്ഷപാതപരമായി പെരുമാറുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. പിണറായി വിജയന്‍ കണ്ണടച്ചാല്‍ കേരളം ഇരുട്ടാകില്ലെന്ന് അദ്ദേഹം ഓര്‍ക്കണം.
പോലീസിന്റെ പക്ഷപാതിത്വത്തിന് ഒട്ടനവധി ഉദാഹരണങ്ങള്‍ നിരത്താന്‍ യൂത്ത് ലീഗിന് സാധിക്കും. കാസര്‍കോട് സമസ്ത നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് പറഞ്ഞ് കാഞ്ഞങ്ങാട് പോലീസ് കേസെടുത്തു. കമലിന്റെ വീട്ടിന് മുമ്പില്‍ പ്രതിഷേധം നടത്തുക മാത്രമല്ല ദേശീയഗാനത്തെ അവഹേളിക്കുംവിധം സമരത്തിന്റെ ഭാഗമായി ദേശീയഗാനം ആലപിച്ചിട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തില്ല. വ്യാജ ഏറ്റുമുട്ടലെന്ന് സംശയിക്കപ്പെടുന്ന സംഭവത്തില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജന്റെ മൃദതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതിന് എതിരായി കോഴിക്കോട്ട് റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. ഷംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയ കേരള പോലീസ് സമാനമായ കേസില്‍ ശശികല ടീച്ചര്‍ക്കെതിരെയുള്ള കേസില്‍ യു.എ.പി.എ ചുമത്തിയില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും ആദിവാസികള്‍ക്കെതിരെയും  രാജ്യദ്രോഹം ആരോപിച്ച് യു.എ.പി.എ ചുമത്തുന്ന ഇടത് സര്‍ക്കാര്‍ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പ്രതികളായ ആര്‍.എസ്.എസ്സുകാര്‍ ക്കെതിരെ യു.എ.പി.എ ചുമത്താന്‍ തയ്യാറായില്ല. ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ആയുധ പരിശീലനം നടത്തുന്നുവെന്ന് സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ പരാതിയില്‍ പോലും തുടര്‍ നടപടിയുണ്ടായില്ല. പാര്‍ട്ടിയുടെ ചാനല്‍ പുറത്ത് വിട്ട ആര്‍.എസ്.എസ് ആയുധ പരിശീലനം സംബന്ധിച്ച വാര്‍ത്തയിലും അന്വേഷമുണ്ടായില്ല. എന്നിട്ടും പോലീസ് പക്ഷപാതപരമായി പെരുമാറുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ വിഢികളാക്കാനാണ്.
നെറ്റ് പരീക്ഷയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള മാര്‍ക്കിളവ് എടുത്തു കളയാനുള്ള ഹൈക്കോടതി വിധിക്കെതിരെ യൂത്ത് ലീഗ് അപ്പീല്‍ പോകും. പിന്നാക്ക ജനവിഭാഗങ്ങളെയും അവശ ജനവിഭാഗങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള ഭരണഘടനയുടെ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് കോടതി വിധിയിലൂടെ സംഭവിച്ചത്. ഇതിനെതിരായി സംസ്ഥാന സര്‍ക്കാരും അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *