കല്‍മാഡിയേയും ചൗട്ടാലയേയും നിയമിച്ചിട്ടില്ല

ന്യൂഡല്‍ഹി: സുരേഷ് കല്‍മാഡിയേയും അഭയ് ചൗട്ടാലയേയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ) ആജീവനാന്ത പ്രസിഡന്റ് ആക്കാനുള്ള തീരുമാനം റദ്ദാക്കി. ചെന്നൈയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നില്ലെന്ന് ഐഒഎ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ പ്രതികരിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ജയിലില്‍ കിടന്ന കല്‍മാഡിയേയും അഴിമതി ആരോപണ വിധേയനായ ചൗട്ടാലയേയും തെരഞ്ഞെടുത്തത് വന്‍ വിവാദത്തിന് കാരണമായിരുന്നു.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നിയമപ്രകാരം കുറ്റാരോപിതരായവര്‍ ഭരണസമിതിയില്‍ വരാന്‍ പാടില്ല. ഇതു മറികടന്നു കല്‍മാഡിയേയും ചൗട്ടാലയേയും ആജീവനാന്ത പ്രസിഡന്റ് സ്ഥാനത്ത് എത്തിക്കാനുള്ള തീരുമാനം എതിര്‍പ്പുകള്‍ സൃഷ്ടിച്ചിരുന്നു. കല്‍മാഡിയെ വീണ്ടും തെരഞ്ഞെടുത്തത് ഞെട്ടിച്ചുവെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പ്രതികരിച്ചിരുന്നു.

1996 മുതല്‍ 2011 വരെ ഐഒഎ പ്രസിഡന്റായിരുന്നു കല്‍മാഡി. പിന്നീടു ചൗട്ടാല ഈ സ്ഥാനം വഹിച്ചു. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കല്‍മാഡിയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്നു അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 2012 ഡിസംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ ഐഒഎ പ്രസിഡന്റായിരുന്നു ചൗട്ടാല.

Leave a Reply

Your email address will not be published. Required fields are marked *