വിനോദ സഞ്ചാരം വെട്ടിക്കുറയ്ക്കും

ന്യൂഡല്‍ഹി: 11 ദിവസത്തെ അവധിയെടുത്തുള്ള വിദേശയാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി വരുന്ന വാരം നടത്താനിരുന്ന ചൈന സന്ദര്‍ശനം റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. വിമര്‍ശനം കാരണമാണ് യാത്രകള്‍ റദ്ദാക്കുന്നതിന് പദ്ധതിയിടുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജ്യത്തില്ല എന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുലും സംഘവും പോകാനിരുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ രാഹുല്‍ പോകുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ഇപ്പോഴും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. രാഹുലിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയം മാറ്റിവയ്ക്കുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് പാര്‍ലമെന്റ് ബജറ്റ് സമ്മേളന വേളയില്‍ രാഹുലിന്റെ തിരോധാനം ചര്‍ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *