കോഴിക്കോട്:ബംഗാളിലെ ബാവുള്‍ സംഗീതത്തിന്റെ മാസ്മരിക താളവും പ്രണയപാരവശ്യവുമായി വിഖ്യാത ബാവുള്‍ ഗായിക പാര്‍വ്വതി ബാവുളും സംഘവും ഒരു ഇടവേളക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്നു. തിരൂര്‍ മലയാളസര്‍വകലാശാലയിലെ പരിപാടിക്കായി എത്തുന്ന സംഘം സംസ്ഥാനത്ത് വിവിധ വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്നു.
വിശ്വപ്രസിദ്ധരായ സനാതനന്‍ദാസ് ബാവുളിന്റെയും ശശാങ്കോ ഗോഷായ് ബാവുളിന്റെയും അമേരിക്കന്‍ തിയേറ്റര്‍ പ്രതിഭയായ പീറ്റര്‍ ഷൂമാന്റെയും ശിഷ്യയാണ് പാര്‍വ്വതി. ബംഗാളി ബ്രാഹ്മിന്‍ കുടുംബത്തില്‍ ജനിച്ച മൗഷുമി പര്യാല്‍ ബാവുള്‍ സംഗീതത്തിന്റെ ആത്മീയ തലങ്ങളില്‍ അഭിരമിച്ച് പാര്‍വ്വതി ബാവുളായി മാറുകയായിരുന്നു. ശാന്തിനികേതനില്‍ രംഗകല പഠിക്കാനെത്തിയ പാര്‍വ്വതി യാത്രാമദ്ധ്യേ തീവണ്ടിയില്‍ വെച്ച് യാദൃശ്ചികമായി ബാവുള്‍ സംഗീതം കേള്‍ക്കാനിടയായതാണ് വഴിത്തിരിവായത്. ശാന്തിനികേതനില്‍ പാടാനെത്തിയ ഫുലാമല് എന്ന ബാവുള്‍ ഗായിക പ്രചോദനമായി. ഏഴ് വര്‍ഷക്കാലം വയോവൃദ്ധനായ ഗുരു സനാതനന്‍ദാസ് ബാവുളിനൊപ്പം സംഗീതപരിപാടി അവതരിപ്പിക്കുകയുണ്ടായി. ഹിന്ദുസ്ഥാനി ക്ലാസ്സിക്കല്‍ സംഗീതത്തിലും കഥക് നൃത്തകലയിലും തിയേറ്ററിലും പ്രാവിണ്യമുള്ള പാര്‍വ്വതി 17-ാം നൂറ്റാണ്ടിലെ ബൗദ്ധ അവധൂതന്മാരുടെ ദോഹകളും സൂഫി സംഗീതവും സ്വന്തം രചനകളും ഇഴച്ചേര്ത്താണ് രംഗാവതരണം ഒരുക്കുന്നത്. കാവി വസ്ത്രവും നീണ്ട ജഡയും ചിലമ്പും ഏക്താര, ദുഗ്ഗി എന്നീ സംഗീതോപകരണങ്ങളുമായി അരങ്ങിലെത്തുന്ന പാര്‍വ്വതിയും സംഘവും അഭൗമസംഗീതത്തിന്റെയും ആത്മീയതയുടെയും പുതിയ അനുഭവം കാണികള്‍ക്ക് സമ്മാനിക്കും. ശ്യാം സുന്ദര്‍ദാസ് ബാവുല്‍, സത്യാനന്ദദാസ് എന്നീ പ്രസിദ്ധ പെര്ഫോര്മര്മാരോടൊപ്പമാണ് അവര്‍ തിരൂരിലെ അരങ്ങിലെത്തുക. ബംഗാളിലെ ‘ചിത്രപട’ എന്ന ചിത്രകലാസങ്കേതം ഉപയോഗിച്ച് വരച്ച പെയിന്റിങ്ങുകള്‍ ഉപയോഗിച്ചാണ് സംഗീതപരിപാടിക്ക് രംഗപടമൊരുക്കുക.
കേരളീയ നാടന്‍ സംഗീതപാരമ്പര്യവും തിയേറ്ററും പഠിക്കാനെത്തിയ പാര്‍വ്വതി മലയാളിയും പാവകഥകളി കലാകാരനും ബഹുമുഖ പ്രതിഭയുമായ രവി ഗോപാലന് നായരെയാണ് വിവാഹം കഴിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും നിരവധി ശിഷ്യരുള്ള പാര്‍വ്വതി തിരുവനന്തപുരത്ത് ‘ഏക്താര’ എന്ന പേരില്‍ ഗുരുകുല സമ്പ്രദായത്തില്‍ ബാവുള്‍ സംഗീത കളരിയും നടത്തുന്നുണ്ട്.
ബാവുള്‍ ഗായികയ്ക്ക് ആകാശവും ഭൂമിയുമല്ലാതെ അതിരുകളില്ലെന്ന് പാര്‍വ്വതി പറയുന്നു. ബാവുള്‍ എന്നാല്‍ ഭ്രാന്ത് എന്നും ബംഗാളിയില്‍ അര്‍ത്ഥമുണ്ട്. തന്റെ സംഗീതത്തിലൂടെ ഉത്തരദക്ഷിണ ഭാരതങ്ങളെ സമന്വയിപ്പിക്കാനും പാര്‍വ്വതിയ്ക്ക് കഴിഞ്ഞു. മലയാളസര്‍വകലാശാല പൊതുജനങ്ങള്‍ക്കായി ആവിഷ്കരിച്ച കലാസ്വാദന പരിപാടിയുടെ ഭാഗമായിട്ടാണ് ബാവുള്‍ സംഗീതം ഒരുങ്ങുന്നത്.
