തൃശൂര്‍: സിനിമാ സമരം തകര്‍ന്നതോടെ തിയറ്റര്‍ ഉടമകള്‍ക്കു സിനിമാ രംഗത്തുണ്ടായിരുന്ന മേധാവിത്വം നഷ്ടമായി. കൂടുതല്‍ പിടിമുറുക്കാനായി ലിബര്‍ട്ടി ബഷീന്റെ നിര്‍ദ്ദേശ പ്രകാരം തുടങ്ങിയ സമരത്തോടെ ഉണ്ടായിരുന്ന എല്ലാ ശക്തിയും ഇല്ലാതായി എന്നതാണു സത്യം. രണ്ടാഴ്ച മുന്‍പു മന്ത്രി എ.കെ. ബാലന്‍ വച്ച നിര്‍ദ്ദേശല്ലാതെ മറ്റൊന്നും മുന്നിലില്ലാതെയാണു സമരം പിന്‍വലിക്കേണ്ടി വന്നത്. മാത്രമല്ല ഫെഡറേഷന്‍ ശക്തമായി എതിര്‍ത്ത ടിക്കറ്റ് യന്ത്രം, വൈഡ് റിലീസ്, ഉന്നതാധികാര സമിതി എന്നിവയെല്ലാം നടപ്പാകുമെന്നുറപ്പാകുകയും ചെയ്തു.
ഏതെല്ലാം തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യണമെന്നു തീരുമാനിച്ചിരുന്നതു തിയറ്ററുകളാണ്. റിലീസ് കേന്ദ്രങ്ങളുടെ എണ്ണം 20 എണ്ണമെങ്കിലും വര്‍ധിപ്പിച്ചു കിട്ടാനായി രണ്ടു വര്‍ഷം മുന്‍പു നിര്‍മ്മതാക്കളും വിതരണക്കാരും ഏറെ അധ്വാനിക്കേണ്ടിവന്നു.
അവസാനം ഫിലിം ചേംബര്‍ ഇടപെട്ടു 10 റിലീസ് കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചു. അതിനുശേഷവും ഫെഡറേഷന്‍ ശക്തി പ്രകടനം തുടര്‍ന്നു. കോടിക്കണക്കിനു രൂപ മുടക്കി പുതുക്കിയ തിയറ്ററുകള്‍ക്കുപോലും റീലീസ് നല്‍കിയില്ല. പട്ടാമ്ബിയിലെ ഒരു തിയറ്റര്‍ സംഘടനയ്ക്കു പിഴയടച്ചാണു റിലീസ് നേടിയത്. തൃശൂരിലെ രണ്ടു തിയറ്ററുകള്‍ക്കു സിനിമ നല്‍കിയാല്‍ തങ്ങള്‍ സിനിമ കളിക്കില്ലെന്നു ഫെഡറേഷന്‍ വിതരണക്കാരെ അറിയിക്കുകയും ചെയ്തു. അവസാനം ബാഹുബലി വന്നപ്പോഴാണു ഈ തിയറ്ററുകള്‍ രക്ഷപ്പെട്ടത്.
സമരം പൊളിഞ്ഞതോടെ ഇതെല്ലാം കഥയായി. ഇനി വിതരണക്കാരും നിര്‍മ്മാതാക്കളും തിയറ്ററുകളും ചേര്‍ന്നാണു റിലീസ് കേന്ദ്രങ്ങള്‍ തീരുമാനിക്കുക. എത്ര പോസ്റ്റര്‍ ഒടിക്കണമെന്നും എവിടെ പരസ്യം ചെയ്യണമെന്നുമെല്ലാം ഈ പുതിയ സംവിധാനം തീരുമാനിക്കും. നഗരത്തിനു പുറത്തു നല്ല സൗകര്യത്തോടെ പുതുക്കിയ നൂറോളം തിയറ്ററുകള്‍ക്കാണു ഫെഡറേഷന്റെ തകര്‍ച്ച ആശ്വാസമാകുക.
