മലപ്പുറം: സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷക്കായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മാര്‍ഗനനിര്‍ദേശമിറക്കി. ഓട്ടോ റിക്ഷകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷക്കായാണ് കമ്മീഷന്‍ ഉത്തരവ്. വിദ്യാര്‍ഥികളുടെ യാത്രാ സംവിധാനങ്ങള്‍ ഏതെല്ലാമെന്ന് തരം തിരിച്ച് ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന രജിസ്റ്റര്‍ തയ്യാറാക്കണം. പൊതു വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും ഇതിന് നടപടിയെടുക്കണം. ഏതെങ്കിലും തരത്തിലുള്ള ബാലാവകാശ ലംഘനം വാഹനങ്ങളിലുണ്ടാവുന്ന പക്ഷം അക്കാര്യം പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികാരികളെ അറിയിക്കാനും നടപടിയെടുക്കണം. അതിനായി അധ്യാപകരക്ഷകര്‍തൃ കമ്മിറ്റി എല്ലാ സ്‌കൂളുകളിലുമുണ്ടാവണം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകള്‍ക്കും സി ബി എസ് ഇ, ഐ സി എസ് ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
സ്‌കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് നല്കി വരുന്ന പരിശീലന ബോധവത്കരണ ക്ലാസുകളില്‍ കുട്ടികളെ കൊണ്ടുവരുന്ന മറ്റു സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരെയും പങ്കെടുപ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടപടിയെടുക്കണം. കെ എസ് ആര്‍ ടി സി, സ്വകാര്യ ബസ്ജീവനക്കാരെയും ഇത്തരം പരിശീലനങ്ങളില്‍ ഉള്‍ക്കൊള്ളിക്കണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം അറിയിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. ജില്ലയിലെ ശ്രീകുമാരന്‍ നായര്‍ എന്നയാളുടെ പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ എന്‍ ബാബു, ഗ്ലോറി ജോര്‍ജ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
