തിരുവനന്തപുരം: ഹജ്ജ് തീര്‍ത്ഥാടനത്തിനു സബ്‌സിഡി നല്‍കേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹജ്ജ് സബ്‌സിഡി പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മറ്റൊരാളുടെ ചെലവില്‍ തീര്‍ത്ഥാടനത്തിനു പോകണമോയെന്ന് ഹാജിമാര്‍ ചിന്തിക്കണമെന്നും കെ.ടി. ജലീല്‍ പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി, ന്യൂനപക്ഷ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ഹജ്ജ് തീര്‍ത്ഥാടനത്തിനായി കരിപ്പൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ്. ഹജ്ജിനായി ചെറുവിമാനങ്ങള്‍ കരിപ്പൂരിലിറക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
ഹജ്ജ് തീര്‍ത്ഥാടനത്തിനു നല്കുന്ന സബ്‌സിഡി നല്‍കുന്ന തുക കുറച്ചുകൊണ്ടുവന്ന് 2022 ഓടെ പൂര്‍ണമായും നിര്‍ത്തലാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. 2012 ലെ സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.
