വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഒരാളെ നേരത്തെ വിധിക്കുന്നത് ശരിയല്ലെന്നും പ്രസിഡന്റെന്ന നിലയില്‍ ട്രംപ് ചെയ്യുന്ന കാര്യങ്ങള്‍ കണ്ട ശേഷം പ്രതികരിക്കാമെന്നും മാര്‍പ്പാപ്പ സ്പാനിഷ് ദിനപത്രമായ എല്‍ പായിസിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം മെക്സിക്കോയില്‍ നിന്നും യു എസിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തെ മാര്‍പ്പാപ്പ വിമര്‍ശിച്ചു. ഇത്തരം നിലപാടുള്ളവരെ ക്രിസ്ത്യാനിയായി അംഗീകരിക്കാനാകില്ലെന്നാണ് മാര്‍പ്പാപ്പ വ്യക്തമാക്കിയത്.
രാഷ്ട്രീയ അരക്ഷിതാവസ്ഥ ഹിറ്റ്ലറെപ്പോലുള്ള ഏകാധിപതികളെ സൃഷ്ടിക്കും. രാഷ്ട്രീയ അരക്ഷിതാവസ്ഥ അനാവശ്യ ഭയത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കും. യൂറോപ്യന്‍ പ്രീണന രാഷ്ട്രീയത്തിന്റെ ഏറ്റവും കൃത്യമായ ഉദാഹരണം 1933ല്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തിലെത്തിയ സംഭവമാണെന്നും മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.
