കൊച്ചി: കൊച്ചി മെട്രോ മാര്‍ച്ച് അവസാനത്തോടെ ഓടുമെന്ന് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മെട്രോയുടെ ട്രാക്ക് പരിശോധിച്ചു. നേരത്തെ മെട്രോ അവലോകന യോഗത്തില്‍ മഹാരാജാസ് വരെ പൂര്‍ത്തിയായിട്ട് സര്‍വീസ് തുടങ്ങിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തോടെ രൂപീകരിച്ച കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കഐംആര്‍എല്‍) ചുമലിലാണു മെട്രോയുടെ ഉത്തരവാദിത്വം. 2012 സെപ്റ്റംബര്‍ 13ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പദ്ധതിക്കു തറക്കല്ലിട്ടു. 2013 ജൂണ്‍ ഏഴിനു നിര്‍മാണം തുടങ്ങി. ആലുവ മുതല്‍ പേട്ടവരെ 24.91 കിലോമീറ്റര്‍ നീളത്തില്‍ 22 സ്റ്റേഷനുകളായാണ് നിര്‍മാണം. പേട്ടയില്‍നിന്നു തൃപ്പുണിത്തുറ വരെ രണ്ടു കിലോമീറ്റര്‍ കൂടി നീട്ടാന്‍ തീരുമാനിച്ചതോടെ സ്റ്റേഷനുകളുടെ എണ്ണം 25 ആയി. 5181.79 കോടി രൂപയാണ് ആദ്യഘട്ടത്തിന്റെ നിര്‍മാണ ചെലവ്.
ഡിഎംആര്‍സിക്കു നല്‍കിയ കരാര്‍ കാലാവധി 2017 ജൂണില്‍ അവസാനിക്കും. റിവേഴ്‌സ് ക്ലോക്ക് തയാറാക്കി ദിവസങ്ങള്‍ എണ്ണിക്കുറച്ചാണു ഡിഎംആര്‍സിയുടെ പ്രവര്‍ത്തനം. ആലുവ മുതല്‍ മഹാരാജാസ് സ്റ്റേഷന്‍ വരെയുള്ള ആദ്യഘട്ടം കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നിന് ഓടുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
