ന്യൂഡല്‍ഹി: ജല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് തമിഴ്‌നാട് പാസാക്കിയ നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ നിയമത്തിന് എതിരായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. വിഷയത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ കോടതി തമിഴ്‌നാടിന് നിര്‍ദേശം നല്‍കി. മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് ജല്ലിക്കെട്ട് നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്.
ജല്ലിക്കെട്ട് നിരോധനം സംബന്ധിച്ച കോടതി ഉത്തരവ് ലംഘിക്കാന്‍ ജനങ്ങളെ അനുവദിച്ചതിന്റെ പേരിലും ക്രമസമാധാനം നിലനിര്‍ത്താന്‍ സാധിക്കാത്തതിലും കോടതി തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ക്രമസമാധാനം നിലനിര്‍ത്തുക എന്നത് പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമാണെന്നും ഇത്തരം സംഭവങ്ങള്‍ അനുവദിച്ചു കൊടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ 2014ല്‍ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചതാണ്. എന്നാല്‍ ഈ മാസമാദ്യം ജല്ലിക്കെട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ വ്യാപക പ്രക്ഷോഭമാണുണ്ടായത്. തുടര്‍ന്ന് സര്‍ക്കാര്‍ ജല്ലിക്കെട്ട് അനുവദിച്ച് ഓര്‍ഡിനന്‍സ് ഇറക്കുകയും പിന്നീട് നിയമമാക്കുകയുമായിരുന്നു.
