മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. പത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് പിണറായിയുടെ നിലപാടുകളെ സിപിഐ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഭൂമി തിരിച്ചുപിടിക്കില്ലെന്നു പറയുന്ന മഹാരഥന്‍മാര്‍ ചരിത്രമറിയണമെന്നും ചരിത്രം ഉള്‍ക്കൊള്ളാത്തവരെ കാത്തിരിക്കുന്നത് ചവറ്റുകുട്ടകളാണെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ച പന്ന്യന്‍ രവീന്ദ്രനു മറുപടി നല്‍കാത്ത നിലപാടെടുക്കുന്നതിനെ വാഴപ്പിണ്ടി നട്ടെല്ലെന്ന് വിശേഷിപ്പിച്ചാല്‍ വാഴപ്പിണ്ടിപോലും പ്രതിഷേധിക്കുമെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു. സര്‍ സിപിയാണ് ശരിയെങ്കില്‍ പുന്നപ്രവയലാര്‍ രക്തസാക്ഷികള്‍ക്ക് എന്തു പ്രസക്തിയാണുള്ളതെന്നും ലേഖനം ചോദിക്കുന്നു.

ലോ അക്കാഡമിക്ക് കൃഷിമന്ത്രിയായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായര്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള ട്രസ്റ്റിന് ഉദ്ദേശകാരണങ്ങള്‍ വിശദീകരിച്ചു നല്‍കിയ ഭൂമി, കുടുംബസ്വത്തായതും ആ ഭൂമിയില്‍ അനധികൃതനിര്‍മാണങ്ങള്‍ നടത്തിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ റവന്യു വകുപ്പ് അന്വേഷണം നടത്തുന്നതിനിടയില്‍ സര്‍ സിപി പിടിച്ചെടുത്ത ഭൂമി തിരിച്ചെടുക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അനൗചിത്യമായിപ്പോയി. റവന്യു വകുപ്പെന്താ പിണറായി സര്‍ക്കാരിന്റെ ഭാഗമല്ലേ എന്ന ചോദ്യം സംഗതമാവുന്നതും ഇവിടെയാണ്. സര്‍ സിപിയുടെ ഏകാധിപത്യ വാഴ്ചയിലെ തെറ്റുകള്‍ വൈകിയായാലും തിരുത്താന്‍ നിമിത്തമായത് ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരമാണ്. അതിനുപകരം സിപിയുടെ തെറ്റുതിരുത്തില്ലെന്ന ചിലരുടെ വാശിയെ അപലപനീയവും ഗര്‍ഹണീയവുമായാണ് പൊതു സമൂഹം കാണുന്നത് മുഖപത്രത്തില്‍ എഴുതുന്നു.

സമരം തീര്‍ക്കാന്‍ ബാധ്യസ്ഥനായ വിദ്യാഭ്യാസ മന്ത്രി സമരസമിതിനേതാക്കളായ വിദ്യാര്‍ഥികളുടെയും മാനേജ്‌മെന്റിന്റെയും യോഗത്തില്‍ കൈക്കൊണ്ട നിലപാട് മാനേജ്‌മെന്റിന്റെയും ഒറ്റുകാരായ എസ്എഫ്‌ഐയുടെയും മെഗാഫോണ്‍ പോലെയായതു നിര്‍ഭാഗ്യകരമാണ്. താന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ കയര്‍ത്ത് ഇറങ്ങിപ്പോയതിനെ അതിനിശിതമായി വിമര്‍ശിച്ച സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രനു മറുപടി നല്‍കാതെ ന്ധമിണ്ടാട്ടമില്ല, മൃതരോ ഇവരെന്നു തോന്നും’ എന്ന നിലപാടെടുക്കുന്നതിനെ വാഴപ്പിണ്ടി നട്ടെല്ലെന്ന് വിശേഷിപ്പിച്ചാല്‍ വാഴപ്പിണ്ടിപോലും പ്രതിഷേധിക്കും, മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു.

നിയമകലാലയം സര്‍ക്കാര്‍ നിയന്ത്രണത്തോടെ നടത്താന്‍ നല്‍കിയ ഭൂമി ഒരു തറവാട്ടുസ്വത്താക്കുക, അതിന്റെ ഒരരകില്‍ ഒരു നിയമവിരുദ്ധ കലാലയം സ്ഥാപിക്കുക, ബാക്കി ഭൂമിയില്‍ തറവാടുഭവനങ്ങള്‍ പണിയുക പിന്നെ വില്ലാശിപായി നാണുപിള്ള സ്മാരക തട്ടുകട, പാര്‍വത്യാര്‍ പപ്പുപിള്ള വിലാസം പുട്ടുകട, ലക്ഷ്മിക്കുട്ടി വിലാസം പാചകസര്‍വകലാശാല, കൈരളി ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് തിരുമല്‍ കേന്ദ്രം എന്നിവ തുടങ്ങുക ഇതെല്ലാം അനുവദിക്കാന്‍ കേരളമെന്താ ഒരു ബനാനാ റിപ്പബ്ലിക് ആണോ?. ‘ഞാനും ഞാനും എന്റെ നാല്‍പതുപേരും’ എന്ന ഒരു മാടന്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവര്‍ കാലത്തിനും സമൂഹത്തിനും മുന്നില്‍ കഥാവശേഷരാകുമെന്ന് ഓര്‍ക്കണമെന്നും ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്നത് ആരും മറക്കരുതെന്നും ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *