മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് സൂചന. കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ പാര്‍ട്ടിയില്‍ ആലോചന നടക്കുന്നുണ്ട്. ഇ അഹമ്മദിന്റെ മരണത്തോടെ പ്രതിനിധിയില്ലാതായ മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ച് ദേശീയ നേതൃത്വനിരയിലേക്ക് കൊണ്ടുവരാനാണ് ലീഗ് തലത്തിലെ ചര്‍ച്ച. പാണക്കാട് കുടുംബമാണ് ഇത്തരമൊരു തീരുമാനം മുന്നോട്ട് വെച്ചത്.
കഴിഞ്ഞ ദിവസം പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് സ്ഥാനവും വഹിക്കുമെന്ന് കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കിയിരുന്നു. തന്നെ കേരള രാഷ്ട്രീയത്തിന് അത്യാവശ്യമില്ലെന്നും വ്യക്തമാക്കിയതിലൂടെ കുഞ്ഞാലിക്കുട്ടി ലക്ഷ്യമിടുന്നത് മലപ്പുറം മണ്ഡലത്തിലൂടെ ദേശീയ രാഷ്ട്രീയം തന്നെയാണ്. ഇ അഹമ്മദിന്റെ സ്ഥാനത്ത് പരിചയസമ്പന്നനായ ഒരു നേതാവ് ആകണം ദേശീയതലത്തിലേക്ക് വരേണ്ടത് എന്നാണ് ലീഗ് കരുതുന്നത്. ഈ മാസം 26ന് ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാവും അന്തിമ തീരുമാനം.
കഴിഞ്ഞ തവണ എം എല്‍ എ സ്ഥാനത്ത് നിന്ന് മാറി നിന്ന കെ എന്‍ എ ഖാദര്‍, മുന്‍ രാജ്യ സഭാ എം പി അബ്ദുസമദ് സമദാനി, അബ്ദുറഹിമാന് രണ്ടത്താണി എന്നിവര്‍ കൂടാതെ പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ പേരും ലീഗില്‍ ഉയരുന്നുണ്ട്.
എന്നാല്‍ പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്ന് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇതു വരെ ആരും വന്നിട്ടില്ല. ഇക്കാരണം കൊണ്ട് മുനവ്വറലി ശിഹാബ് തങ്ങളുടെ പേര് ഈ പട്ടികയില്‍ നിന്ന് ഒഴിവാകാനാണ് സാധ്യത. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിനെ സംബന്ധിച്ച് ഉറച്ച സീറ്റാണിപ്പോള്‍ മലപ്പുറം.
എന്നാല്‍ ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അഹമ്മദിന്റെ വിടവ് നികത്തുകയാണ് ലീഗിന്റെ ലക്ഷ്യം. ഇതിന് പി കെ കുഞ്ഞാലിക്കുട്ടിയോളം വളര്‍ന്ന ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ ലീഗിലില്ല. രാഷ്ട്രീയപരമായും ഭാഷാപരമായും യുവ നിരയെ ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യവും യൂത്ത് ലീഗില്‍ ഉയരുന്നുണ്ട്. ഈ ആവശ്യം ഉയര്‍ന്നാല്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയാണ് ഈ സ്ഥാനത്തേക്ക് പാര്‍ട്ടി കാണുന്നത്. സാഹചര്യം ഇതാണെങ്കിലും നിലവില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിവുള്ള നേതാവെന്ന നിലയില്‍ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പക്ക് തന്നെയാണ് സാധ്യത.
