ആലപ്പുഴ: സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നുവെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ഗുണ്ടാ മാഫിയാ ആക്രമണങ്ങള്‍ക്കെതിരെ തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട് നടത്തുന്ന 12 മണിക്കൂര്‍ ഉപവാസത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. എട്ട് മാസം കൊണ്ട് നാല് തവണയാണ് കേരളത്തിലെ എസ്പിമാരെ മാറ്റിയത്. കേരളത്തില്‍ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന 13 രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാലെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് തേടി അധികാരത്തില്‍ വന്ന ഇടത് മുന്നണി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയാണ് കൊച്ചിയില്‍ സിനിമാ നടിക്ക് നേരെ ഉണ്ടായ അതിക്രമമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാടും കായംകുളത്തും പത്ത് ദിവസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് ചെന്നിത്തല ഉപവാസം നടത്തിയത്. ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായരാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്. ഉപവാസ സമരം വൈകിട്ട് ഏഴ് മണിക്ക് സമാപിക്കും.
