തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച സംഭവത്തില്‍ പോലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെ സംഭവം വളരെയേറെ ഗൗരവമേറിയതാണ്. സംഭവമുണ്ടായപ്പോള്‍ തന്നെ പോലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട ആളുകളില്‍ പ്രധാന പ്രതികള്‍ ഒഴികയുള്ളവരെല്ലാം പിടിയിലായിട്ടുണ്ട്. പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് തന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്. അവരെ അറസ്റ്റ് ചെയ്ത ശേഷം കൂടുതല്‍ നടപികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി നമ്മുടെ നാട്ടില്‍ എന്തും വിളിച്ചുപറയാന്‍ ലൈസന്‍സുള്ള ചിലരുണ്ടെന്ന് പരിഹസിച്ചു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന ഹൈക്കോടതിയുടെ വിമര്‍ശനം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. വിജിലന്‍സിന് ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നത് സംബന്ധിച്ച വിശദീകരണത്തിന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസിനെ സമീപിക്കും. സംസ്ഥാനം അഭിമുഖീകരിക്കുന്ന വരള്‍ച്ച നേരിടാന്‍ കേന്ദ്ര ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്നും 991.54 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സ്ഥലംമാറ്റം സംബന്ധിച്ചുയരുന്ന ആക്ഷേപങ്ങളും പരാതികളും പരിഹരിക്കാനാണിത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കഐഎസ്) നടപ്പാക്കുന്നതിനെതിരേ നടക്കുന്ന സമരത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. എന്തുവന്നാലും കഐഎസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം സമരം ചെയ്യുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
സര്‍ക്കാരിനെതിരേ സിപിഐ നേതൃത്വത്തിന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അവരുകൂടി ഉള്‍പ്പെടുന്ന സര്‍ക്കാരല്ലേ ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സിപിഐക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന വാര്‍ത്തകളില്‍ വസ്തുതയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
