മാര്‍ക്ക് നല്‍കിയതില്‍ തെറ്റില്ലെന്ന്: ലക്ഷ്മി നായര്‍

തിരുവനന്തപുരം: ലോ അക്കാഡമിയില്‍ മകന്റെ ഭാവിവധു അനുരാധയ്ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവ അനുരാധയ്ക്ക് നല്‍കിയെന്നാണ് ആരോപണം. എന്നാല്‍, മകന്റെ പ്രതിശ്രുത വധുവായ അനുരാധ പി നായര്‍ക്ക് നിയമ വിരുദ്ധമായി ഹാജരോ മാര്‍ക്കോ നല്‍കിയിട്ടില്ലെന്ന് ലക്ഷ്മി നായര്‍ പറയുന്നു.

എല്ലാവരുടെയും ഹാജരും പ്രവര്‍ത്തനവും ഒത്തുനോക്കാറുണ്ടെന്നും മുന്‍ പ്രിന്‍സിപ്പല്‍ പറയുന്നു. ഇങ്ങനെ ഹാജരും മാര്‍ക്കും നല്‍കിയവരുടെ പട്ടികയും ലക്ഷ്മി നായര്‍ കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്. അനുരാധാ പി നായര്‍ എന്ന വിദ്യാര്‍ത്ഥിനി ഇവരില്‍ ഒരാള്‍ മാത്രമാണ്.പ്രത്യേകമായ ഒരു ആനുകൂല്യവും ആ വിദ്യാര്‍ത്ഥിനിക്കു നല്‍കിയിട്ടില്ല. പരീക്ഷാ നടത്തിപ്പ്, ഹാജര്‍ രേഖപ്പെടുത്തല്‍ എന്നിവയില്‍നിന്ന് ഡീബാര്‍ ചെയ്ത്, ശിക്ഷ നടപ്പാക്കിയ ശേഷം സര്‍വകലാശാല വിശദീകരണം ചോദിക്കുന്നത് അസാധരണമാണെന്നു ലക്ഷ്മി നായര്‍ പറയുന്നു.

കേരള സര്‍വകലാശലയുടെ പരീക്ഷാ സമിതിക്കു നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലോ അക്കാദമിയില്‍ അനര്‍ഹരായവര്‍ക്ക് ഹാജരും ഇന്റേണല്‍ മാര്‍ക്കും വാരിക്കോരി നല്‍കുന്നുവെന്നായിരുന്നു പരാതി. ലക്ഷ്മി നായര്‍ക്ക് ഇഷ്ടമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഹാജരോ ഇന്റേണല്‍ മാര്‍ക്കോ നല്‍കാറില്ലെന്നു സിന്‍ഡിക്കേറ്റ് ഉപസമിതിക്കു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു.

ഇത് ശരിയാണെന്ന് പ്രാഥമിക തെളിവെടുപ്പിലും അന്വേഷണത്തിലും സര്‍വകലാശാല കണ്ടെത്തുകയും ചെയ്തു. എന്നാല്‍ മൂട്ട് കോര്‍ട്ട്, സെമിനാറുകള്‍, നാഷനല്‍ സര്‍വീസ് സ്‌കീം തുടങ്ങിയ അക്കാഡമികവും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അര്‍ഹമായ ഹാജര്‍ നല്‍കാറുണ്ടെന്നാണ് ലക്ഷ്മി നായര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *