തിരുവനന്തപുരം പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ്. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം. കെഎസ്യു വളര്‍ത്തി വലുതാക്കിയ എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും മഹേഷ് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ ആരോപിച്ചു.
ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കെപിസിസിക്കു നാഥന്‍ ഇല്ലാതായിട്ട് രണ്ടാഴ്ച്ച ആകുന്നു. ബിജെപിയുടെയും സിപിഎമ്മിന്റെയും ഭരണ പരാജയത്തിനെതിരെ ജനപക്ഷത്തുനിന്നു സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശ്ശബ്ദതയില്‍ ആണ്.
ഇന്ന് കെഎസ്യു തിരഞ്ഞെടുപ്പ് നടന്നു. ക്യാംപസുകളില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന കെഎസ്യുവിനെ പരസ്പരം മത്സരിപ്പിച്ച് പാര്‍ട്ടിയിലും, കെഎസ്യുവിലും മെമ്ബര്‍ഷിപ്പ് എടുക്കും മുന്‍പേ ഗ്രൂപ്പില്‍ അംഗത്വവും എടുപ്പിച്ച്, നാട് മുഴുവന്‍ ഗ്രൂപ്പ് യോഗങ്ങളും കൂടി, ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിപ്പിച്ച് നേതൃത്വം കണ്ട് രസിക്കുകയാണ്.
ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നു. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നു. ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍നിന്ന് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം.
കെഎസ്യു വളര്‍ത്തി വലുതാക്കിയ എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണ്. അങ്ങ് കാണുന്നില്ലേ താങ്കള്‍ വളര്‍ത്തി, രാഷ്ട്രീയവല്‍കരിച്ച യൂത്ത് കോണ്‍ഗ്രസിനേയും കെഎസ്യുവിനേയും നേതൃത്വവും, അനുഭവ പരിചയമില്ലാത്ത, രാഷ്ട്രീയ ബോധമില്ലാത്ത കോര്‍പ്പറേറ്റ് ശൈലിക്കാരും ചേര്‍ന്ന് പരീക്ഷണശാലയിലെ പരീക്ഷണ വസ്തുവാക്കി. കെഎസ്യുവിനെ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കൂടി ഒരു സഹകരണ സംഘം ആക്കി മാറ്റിയിരിക്കുന്നു.
