തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സംഭവത്തില്‍ ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ബാര്‍ കൗണ്‍സില്‍. കേസില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ കെ.പി. മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നല്‍കിയിരുന്നു. ജാമ്യം അനുവദിച്ച ജഡ്ജി എബ്രഹാം മാത്യുവിന് നെഹ്‌റു കോളജുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു മഹിജയുടെ ആരോപണം.
എന്നാല്‍, മഹിജയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബാര്‍ കൗണ്‍സിലിന്റെ വാദം. ക്ലാസ് എടുക്കാനാണ് ജഡ്ജി കോളജില്‍ പോയത്.ഇക്കാര്യങ്ങളില്‍ മഹിജയോട് വിശദീകരണം തേടും. ആദ്യ ഘട്ടമായി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കും. മഹിജയ്ക്ക് നോട്ടിസ് അയയ്ക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.
ജഡ്ജിക്കു നെഹ്‌റു കോളജുമായി അടുത്ത ബന്ധമുള്ളതായി സൂചന നല്‍കുന്ന ആറു ചിത്രങ്ങളും മഹിജ പരാതിക്കൊപ്പം അയച്ചിരുന്നു. നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളജ് സംഘടിപ്പിച്ച പഠനയാത്രയില്‍ ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തെന്നാണ് പ്രധാന ആരോപണം. ഈ ജഡ്ജിയും നെഹ്‌റു കോളജ് അധികൃതരുമായുള്ള ബന്ധം സംശുദ്ധമാണെന്നു ബോധ്യപ്പെടുത്തിത്തരണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
