വാര്‍ഷിക പദ്ധതി വിനിയോഗം : കേരളത്തില്‍ പത്തനംതിട്ട ഒന്നാമത്

മികച്ച ജില്ലാ പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനം തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ 72.60 ശതമാനം തുക ചെലവിട്ട പത്തനംതിട്ട ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. ഇന്നലെ വൈകിട്ട് നാലുമണിവരെയുള്ള കണക്കനുസരിച്ച് ജില്ലാ പഞ്ചായത്തുകളില്‍ പത്തനംതിട്ട രണ്ടാം സ്ഥാനത്താണ്. 85.10 ശതമാനം തുകയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. ആകെ പദ്ധതി തുകയായ 23879.28 ലക്ഷം രൂപയില്‍ 17335.52 ലക്ഷമാണ് ജില്ല ചെലവഴിച്ചത്. 3145.24 ലക്ഷം രൂപയായിരുന്നു ജില്ലാ പഞ്ചായത്തിന്റെ പദ്ധതി തുക.

ഇതില്‍ 2676.72 ലക്ഷം രൂപ വിനിയോഗിച്ചു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ 75.06 ശതമാനം തുക ചെലവഴിച്ചു. ഗ്രാമ പഞ്ചായത്തുകള്‍ 70.09 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. നഗരസഭകള്‍ 69.24 ശതമാനം തുക വിനിയോഗിച്ചു. ജില്ലയിലെ നഗരസഭകളില്‍ പന്തളമാണ് മുന്നില്‍. 83.71 ശതമാനം തുക ചെലവഴിച്ചു. തിരുവല്ല 81.81 ശതമാനവും അടൂര്‍ 57 ശതമാനവും പത്തനംതിട്ട 55.24 ശതമാനവും തുക ചെലവഴിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 97.29 ശതമാനം തുക വിനിയോഗിച്ച പുളിക്കീഴ് ഒന്നാം സ്ഥാനത്തെത്തി.

91.15 ശതമാനം തുക ചെലവഴിച്ച മല്ലപ്പള്ളിയാണ് തൊട്ടുപിന്നില്‍. ഗ്രാമ പഞ്ചായത്തുകളില്‍ 95.50 ശതമാനം തുക ചെലവഴിച്ച അയിരൂരാണ് ഒന്നാമത്. 95.22 ശതമാനം ചെലവഴിച്ച ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി. സംസ്ഥാന തലത്തില്‍ അയിരൂര്‍ 18ാമതും ചെറുകോല്‍ 20ാം സ്ഥാനത്തുമാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പുളിക്കീഴ് സംസ്ഥാന തലത്തില്‍ ആറാമതെത്തി.

ജില്ലാ ആസൂത്രണ സമിതിയുടെ മികച്ച ഇടപെടല്‍ ജില്ലയെ മുന്നിലെത്തിക്കുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍, മറ്റു നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രവര്‍ത്തനത്തെ ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *