മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാറില്‍ ബോംബ് സ്‌ഫോടനം നടത്തിയെന്ന കേസിലെ പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വീണ്ടും ഏഴ് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
നേരത്തെ പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഇതിനായി കസ്റ്റഡി കാലാവധി ഒരാഴ്ചത്തേക്ക് കൂടി നീട്ടി നല്‍കണമെന്നും അപേക്ഷിക്കുകയായിരുന്നു.
തമിഴ്‌നാട് മധുര സ്വദേശികളായ ഫോര്‍ത്ത് സ്ട്രീറ്റ് ഇസ്മായില്‍പുരം മുനിസിപ്പല്‍ റോഡിലെ അബ്ബാസലി , കെ പുത്തൂര്‍ വിശ്വനാഥ് നഗര്‍ സാംസണ്‍ കരീം രാജ , നെല്‍പ്പേട്ട കരിഷ്മ പള്ളിവാസല്‍ ദാവൂദ് സുലൈമാന്‍ , തൈര്‍മാര്‍ക്കറ്റ് ഈസ്റ്റ് മാറാട്ട് സ്ട്രീറ്റ് ഷംസുദ്ദീന്‍ എന്ന കരുവ ഷംസ് , കെ പുത്തൂര്‍ ആത്തിക്കുളം മുഹമ്മദ് അയ്യൂബ് എന്നീ പ്രതികളെയാണ് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജഡ്ജി എസ് എസ് വാസന്‍ മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി പി ടി ബാലന് വിട്ടു നല്‍കിയത്. 2016 നവംബര്‍ ഒന്നിന് ഉച്ചക്ക് ഒരു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോംപൗണ്ടില്‍ വാഹന പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകളാണ് ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ബെയ്‌സ് മൂവ്‌മെന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദി ഭീകരസംഘടനയിലെ അംഗങ്ങളായ പ്രതികള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്നും രാജ്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങള്‍ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയും രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യപിച്ചുവെന്നും ഇവര്‍ക്കെതിരെ കേസുണ്ട്. മലപ്പുറത്തിനു പുറമെ ചിറ്റൂര്‍, കൊല്ലം, മൈസൂര്‍, നെല്ലൂര്‍ എന്നീ സിവില്‍ സ്റ്റേഷനുകളിലും പ്രതികള്‍ സ്‌ഫോടനം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇതിനായി പ്രത്യേകം വാട്‌സാപ്പ് ഗ്രൂപ്പും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങളെ സംബന്ധിച്ചും പ്രതിവിധി സംബന്ധിച്ചും ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ഉദ്‌ബോധനം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
