പത്തനംതിട്ട: ശബരിമലയില്‍ നടന്ന ആചാര ലംഘനങ്ങളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെല്ലാം ദേവസ്വം വിജിലന്‍സ് ഒതുക്കിത്തീര്‍ത്തു. ശബരിമലയില്‍ യുവതികള്‍ എത്തിയതായുള്ള പരാതി, ആചാരത്തിന് വിരുദ്ധമായി ഒരു ദിവസം നേരത്തെ നട തുറന്ന സംഭവം, ചലച്ചിത്ര നടന് ശീകോവിലിന് മുന്നില്‍ നിന്ന് ഇടയ്ക്ക കൊട്ടിയത് തുടങ്ങിയവയെ സംബന്ധിച്ച അന്വേഷണമാണ് വിജിലന്‍സ് വിഭാഗം നടപടികളൊന്നും എടുക്കാതെ ഒതുക്കിത്തീര്‍ത്തിരിക്കുന്നത്.
ശബരിമലയില്‍ അയ്യപ്പ സ്വാമിക്കും മുകളിലാണ് ദര്‍ശന ദല്ലാളായ സ്വാമിയെന്ന് വിശ്വസിക്കുന്ന നിലവിലെ തന്ത്രിയുടെയും ദര്‍ശന ദല്ലാളായ വ്യവസായി സ്വാമിയുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണത്രെ വിജിലന്‍സ് നടപിടി. ശബരിമലയില്‍ കഴിഞ്ഞ പത്തിന് എത്തിയ പതിനഞ്ചോളം സ്ത്രീകളില്‍ രണ്ട് പേരുടെ വയസ്സ് തെളിയിക്കുന്ന രേഖകള്‍ മാത്രമാണ് വിജിലന്‍സ് പരിശോധിച്ചത്. എന്നാല്‍ അന്‍പത് വയസ്സില്‍ താഴെ പ്രായം തോന്നിക്കുന്ന വേറെയും സ്ത്രീകള്‍ ഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികളായ അയ്യപ്പന്മാര് പറയുന്നത്.
ആചാരത്തിന് വിരുദ്ധമായി ഒരു ദിവസം മുന്‍പേ നട തുറന്നത് സംബന്ധിച്ച വിഷയവും വിശദമായ പരിശോധനയൊ അന്വേഷണമൊ നടത്താതെ വിജിലന്‍സ് അവസാനിപ്പിച്ചു. ഇതേക്കുറിച്ച് തന്ത്രി നല്കിയ വിശദീകരണം അതേപടി വിഴുങ്ങിയാണ് വിജിലന്‍സ് തീര്‍പ്പാക്കിയത്. പൈങ്കുനി ഉത്രത്തിനു ശേഷം 9ന് രാത്രി നട അടയ്ക്കേണ്ടി വന്നാല്‍ അയ്യപ്പനെ ഭസ്മാഭിഷക്തനാക്കേണ്ടി വരുമെന്നും തുടര്‍ന്ന് പിറ്റേന്ന് വൈകിട്ട് നട തുറക്കാന്‍ കഴിയില്ലെന്നുമായിരുന്നു തന്ത്രി നല്കിയ വിശദീകരണം. അതിനാലാണ് 9ന് നട അടയ്ക്കാതെ 10ന് രാവിലെ പൂജകള്‍ പതിവു പോലെ ആരംഭിച്ചതെന്നും തന്ത്രി വിശദീകരിച്ചിരുന്നു. എന്നാല്‍ തന്ത്രിയുടെ ഈ വാദം ശരിയല്ലെന്നും യുക്തിക്ക് നിരക്കാത്തതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിന് മുന്‍പ് ഒന്നോ രണ്ടോ ദിവസത്തെ ചെറിയ ഇടവേളകള്‍ക്ക് ശേഷം നട തുറന്ന സംഭവം ഉണ്ടായിട്ടുണ്ട്. അക്കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത സാങ്കേതിക പ്രശ്നങ്ങളാണ് തന്ത്രി ഉയര്‍ത്തുന്നതത്രെ. തന്ത്രിയുടെ വിശദീകരണം വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും നേരത്തെ നട തുറന്നത് നിക്ഷിപ്ത്ത താല്‍പ്പര്യത്തിന് വേണ്ടിയാണെന്ന് ബോധ്യമാകും. ഏപ്രില്‍ 9ന് രാത്രി 10 മണിക്ക് നട അടച്ച ശേഷം ഏപ്രില്‍ 10ന് വൈകിട്ട് 5 മണിക്ക് നട തുറക്കുമെന്നാണ് ദേവസ്വം കലണ്ടറിലും പത്രക്കുറിപ്പിലും അറിയിച്ചിരുന്നത്. 10ന് വൈകിട്ട് നട തുറന്ന ശേഷം പ്രത്യേക പൂജകള്‍ ഒന്നും നടത്തുമെന്ന് അറിയിച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന തന്ത്രി ദര്‍ശന ദല്ലാളായ വ്യവസായിക്കു വേണ്ടിയാണ് ശബരിമലയില്‍ പത്താം തീയതി പുലര്‍ച്ചെ മുതല്‍ രാത്രി വരെ വിശേഷാല്‍ പൂജകള്‍ അടക്കം നടത്തിയതത്രെ.
പത്താം തീയതി ശബരിമലയില്‍ പൂജകളും വഴിപാടുകളും തനിക്കും തന്റെ ബന്ധുക്കള്‍ക്കും വേണ്ടി നടത്തണമെന്നത് ദര്‍ശന ദല്ലാള്‍ തന്ത്രിയെ അറിയിച്ചത് വൈകിയാണ്. അതിനാലാണ് നട തുറക്കുന്ന തീയതിയില്‍ പെട്ടെന്ന് മാറ്റം വരുത്താന്‍ തന്ത്രി തീരുമാനിച്ചതത്രെ. പത്താം തീയതി വൈകിട്ട് പ്രമുഖ ചലച്ചിത്ര നടന് സോപാനത്ത് വെച്ച് ഇടയ്ക്ക കൊട്ടിയതും ആചാര ലംഘനമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താതെ അവസാനിപ്പിച്ചു.
