ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആത്മീയനേതാവ് അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സുരക്ഷ അനുവദിച്ചതോടെ മുഴുവന്‍ സമയവും സുരക്ഷാ ഭടന്മാരുടെ അകമ്പടിയോടെയായിരിക്കും ഇനി അമൃതാനന്ദമയിയുടെ സഞ്ചാരം. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പുതിയ നടപടി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പുതിയ തീരുമാനത്തോടെ അമൃതാനാന്ദമയിക്കൊപ്പം 24 സുരക്ഷാ ഉദ്യോഗസ്ഥരാകും മുഴുവന്‍ സമയവുമുണ്ടാവുക. ഇതില്‍ എന്‍എസ് ജി കമാന്റോകളുമുണ്ടാകും. മുന്‍പും സമാനമായി പലര്‍ക്കും വധഭീഷണിയെത്തുടര്‍ന്ന് രാജ്യത്ത് ഉന്നതമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ, ആത്മീയ രംഗത്തുള്ളവരില്‍ ബാബാ രാംദേവിന് മാത്രമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. അമൃതാനന്ദമയിക്കും വള്ളിക്കാവിലെ ആശ്രമത്തിലുമായി 40 സിആര്‍പിഎഫ് ജവാന്മാരെയാകും നിയോഗിക്കുന്നത്. രണ്ട് വാഹനങ്ങളുടെ അകമ്പടിയും ഇനിമുതലുണ്ടാകുമെന്നാണ് വിവരം.
സമീപകാലത്ത് കേരളത്തിലെ ചില ബിജെപി നേതാക്കള്‍ക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കായിരുന്നു സുരക്ഷ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇസഡ് കാറ്റഗറിയില്‍ അമൃതാനന്ദമയിക്കും സുരക്ഷ ഒരുക്കുമെന്ന പ്രഖ്യാപനം എത്തിയിരിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷയുണ്ട്.
