മലപ്പുറത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്തയാള്‍ കൊലക്കേസിലും പ്രതി

മലപ്പുറം: പൂക്കോട്ടുംപാടം  വില്ല്വത്ത്  ശിവക്ഷേത്രത്തില്‍ അതിക്രമിച്ച്  കടന്ന്  വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി   കിളിമാനൂര്‍   പുല്ലയി  തെങ്ങുവിള വീട്ടില്‍   എസ്.എസ്. മോഹന്‍കുമാറിന്റെ അറസ്റ്റ്  പൊലീസ്  രേഖപ്പെടുത്തി.  ശനിയാഴ്ച  ചോദ്യം ചെയ്തപ്പോള്‍   കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി എന്നാണ് ഇയാള്‍ പേര് പറഞ്ഞിരുന്നത്.  ഇയാളുടെ  ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ട്  ആളുകള്‍ ബന്ധപ്പെട്ടപ്പോഴാണ്   യഥാര്‍ത്ഥവിലാസവും പേരും തിരിച്ചറിഞ്ഞത്.

സംഭവത്തെക്കുറിച്ച്    പൊലീസ് പറയുന്നതിങ്ങനെ:  2006ല്‍  കിളിമാനൂര്‍   പൊലീസ്   സ്റ്റേഷന്‍ പരിധിയില്‍ കമലാക്ഷി എന്ന സ്ത്രീയെ  കൊലപ്പെടുത്തി  പാറക്ക്യോട്  ക്ഷേത്രക്കുളത്തിലിട്ട  കേസില്‍  പ്രതിയാണ് മോഹന്‍കുമാര്‍.  ഈ കേസ്  ഇപ്പോഴും തെളിഞ്ഞിട്ടില്ല.  കേസിനെ തുടര്‍ന്ന്   മുങ്ങിയ ഇയാള്‍ കോട്ടയത്തും  എറണാകുളത്തും  ഏതാനും കാലം താമസിച്ചു.  തുടര്‍ന്നാണ്    മലപ്പുറത്തെത്തിയത്.

കൂടുതല്‍ കാലവും ഇവിടെയാണ്  പ്രതി കഴിഞ്ഞത്.  കല്ലുപടവ്  തൊഴിലാളിയായിട്ടായിരുന്നു ജീവിതം.  നാലുമാസം മുമ്പ്   വാണിയമ്പലത്തുളള ബാണാപുരം  ദേവീക്ഷേത്രത്തില്‍   കയറി  ശ്രീകോവിലില്‍ കടന്ന്  നാശനഷ്ടം വരുത്തിയ സംഭവത്തിന് പിന്നിലും ഇയാളാണ്.  രണ്ടു ക്ഷേത്രങ്ങളിലെയും  ഇയാളുടെ വിരലടയാളങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.  ശനിയാഴ്ച പിടികൂടുമ്പോള്‍  ഇയാളുടെ  ഷര്‍ട്ടില്‍ കണ്ട  എണ്ണ പുരണ്ട കരി  ക്ഷേത്രങ്ങളില്‍ കണ്ടുവരുന്നതാണെന്ന്  തിരിച്ചറിഞ്ഞു.    2008ല്‍ നിലമ്പൂരില്‍    വാക്കേറ്റത്തെ തുടര്‍ന്ന്  പൊലീസിനെ  ആക്രമിച്ച കേസില്‍ ആറുമാസം  ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പൂജാരിമാരോടും   ക്ഷേത്രങ്ങളോടും  ഉളള കടുത്ത വിരോധമാണ്   കൃത്യത്തിന്  പിന്നില്‍.  തന്റെ ജീവിതത്തിലെ  ഉന്നതിയില്ലായ്മയ്ക്ക് കാരണം പൂജാരിമാരാണെന്നാണ് ഇയാളുടെ വിശ്വാസം . വിഗ്രഹാരാധനയോടും എതിര്‍പ്പുണ്ട്.   ഇയാള്‍ക്ക്  ഏതെങ്കിലും സംഘടനകളുമായി ബന്ധമില്ല.   കിളിമാനൂരിലെ  കേസില്‍ നിന്ന് രക്ഷപ്പെടാനാണ്   മലപ്പുറത്തെത്തിയത്.   നാല് വര്‍ഷമായി  മമ്പാട് പൊങ്ങല്ലൂരിലെ വീട്ടിലാണ് താമസം.

മതസ്പര്‍ദ്ധ സൃഷ്ടിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും    മതവികാരം വ്രണപ്പെടുത്തിയതിനും  ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയതിനും  ഇയാള്‍ക്കെതിരെ  കേസെടുത്തു ശനിയാഴ്ച പുലര്‍ച്ചെയാണ്   വില്ല്വത്ത്  ക്ഷേത്രത്തിലെ  ശിവ, വിഷ്ണു  വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ  ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.  തെറ്റായ പ്രചാരണത്തെക്കുറിച്ച്   അന്വേഷിക്കുന്നുണ്ടെന്നും കേസെടുക്കുമെന്നും പൊലീസ്  പറഞ്ഞു.ജില്ലാ പൊലീസ്  മേധാവി  ദേബേഷ് കുമാര്‍ ബെഹ്രയുടെ നേതൃത്വത്തില്‍   പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി   മോഹനചന്ദ്രന്‍,  നിലമ്പൂര്‍  സി.ഐ കെ.എം. ദേവസ്യ,  വണ്ടൂര്‍ സി.ഐ ജോണ്‍സണ്‍, നിലമ്പൂര്‍ എസ്.ഐ  മനോജ് പറയറ്റ  തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നിര്‍ണ്ണായകമായത് അമ്പലക്കമ്മിറ്റിയുടെ ജാഗ്രത

വില്ല്വത്ത് ക്ഷേത്രം ഭാരവാഹികളുടെയും  സംഭവസ്ഥലത്തെത്തിയ വിശ്വാസികളുടെയും ജാഗ്രതയാണ്   പ്രതിയെ അതിവേഗം  പിടികൂടാന്‍ സഹായിച്ചതെന്ന്  പൊലീസ് പറഞ്ഞു.   സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ അമ്പലക്കമ്മിറ്റിക്കാരും  ഭക്തരും ചേര്‍ന്ന്  നടത്തിയ പരിശോധനയില്‍  പൂക്കോട്ടുപാടത്ത്  നിന്നും തൃശൂരിലേക്കുളള  ബസില്‍ കയറാന്‍ നിന്ന അപരിചിതനായ  ഒരാളെ പിടികൂടി.  ഇയാളെ  ക്ഷേത്രക്കമ്മിറ്റി ഓഫീസിലെത്തിച്ച്  തടഞ്ഞുവച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ  പൊലീസ്  ഇയാളുടെ വിലാസം ശേഖരിച്ചു. പിന്നീട് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന്  മുങ്ങിയെങ്കിലും വിലാസം വച്ച് പൊലീസ്   പിടികൂടി. ഇയാള്‍ ബസില്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍  പിടികൂടുക പ്രയാസമായിരുന്നെന്ന്  പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *