പാവപ്പെട്ട കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസമൊരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകനിലവാരത്തോട് കിടപിടിക്കുന്ന രീതിയില്‍ കുട്ടികളെ മാറ്റിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഊരൂട്ടമ്പലം യു.പി. സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നേടാനുളള സാഹചര്യവും സന്ദര്‍ഭവും ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. 1957 ലെ ഇ.എം.എസ് സര്‍ക്കാരാണ് സാര്‍വത്രിക വിദ്യാഭ്യാസത്തിന് സാഹചര്യം സൃഷ്ടിച്ചത്. പൊതുവിദ്യാഭ്യാസത്തിലൂടെയാണ് കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയുണ്ടായത്. ആഗോളവത്കരണം വന്നതോടെ എന്തിലും ലാഭേച്ഛയായി. അത് വിദ്യാഭ്യാസത്തിലും പ്രതിഫലിച്ചു. സമ്പന്നര്‍ക്ക് പഠിക്കാന്‍ ഒട്ടേറേ മാര്‍ഗങ്ങളുണ്ട്.

അതിനൊപ്പം പാവപ്പെട്ടവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കന്നുതെന് ന്മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിലനിന്ന ദുഷിച്ച്‌നാറിയ ജാതിവ്യവസ്ഥ ഭീകരമായി നിന്ന സ്ഥലമാണ് ഊരൂട്ടമ്പലം. പഞ്ചമി എന്ന പെണ്‍കുട്ടിക്ക് വിദ്യ അഭ്യസിക്കാന്‍ പിറന്ന ജാതി യോഗ്യമല്ലെന്ന മുദ്ര കുത്തി അവസരം നിഷേധിച്ചിരുന്നിടത്താണ് ഇന്ന് ഈ പ്രവേശനോത്സവം നടക്കുന്നത്.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാരെ മനുഷ്യരായി കണ്ടിരുന്നില്ല. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ഇവിടെ നടന്ന പ്രക്ഷോഭമാണ് ഊരൂട്ടമ്പലത്തെ പ്രശസ്തമാക്കിയത്. പഞ്ചമി എന്ന പെണ്‍കുട്ടിക്ക് പഠിക്കാന്‍ വേണ്ടിയുളള പ്രക്ഷോഭം മാത്രമായിരുന്നില്ല അതെന്നും കേരളത്തിലാകെ നിലനിന്നിരുന്ന സമ്പ്രദായത്തിനെതിരെയുളള പ്രക്ഷോഭമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയിരക്കണക്കിന് കുട്ടികള്‍ പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ സ്‌കൂളുകളെ ജന ഏറ്റെടുത്തതിന്റെ തെളിവാണിതെന്നും അദ്ധ്യക്ഷതവഹിച്ച മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *