പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കെ.എന്‍.എ ഖാദര്‍

മലപ്പുറം: പിണറായി സര്‍ക്കാരിനെ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനങ്ങളെ എതിര്‍ക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ധീരമായ നിലപാടുകളെ സകലരും പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എഴുതി ലേഖനത്തില്‍ കെ.എന്‍.എ ഖാദര്‍ പറഞ്ഞു. ബംഗാളില്‍ മമത സര്‍ക്കാരിന്റെ നിലപാടുകളും പ്രശംസനീയമാണെന്ന് ഖാദര്‍ കൂട്ടിച്ചേര്‍ത്തു. കശാപ്പ് നിയന്ത്രണത്തില്‍ ഇരു സര്‍ക്കാരുകളും സ്വീകരിച്ച നിലപാടിനെയാണ് ലീഗ് നേതാവ് പുകഴ്ത്തുന്നത്.

കശാപ്പ് നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന ചട്ടങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഖാദര്‍ പറഞ്ഞു. മുസ്ലീങ്ങളെയോ ദളിതരേയോ ഇതര മാംസാഹാരികളെയോ ബാധിക്കുന്ന വിഷയമായി ഇതിനെ കാണരുത്. അത് ബുദ്ധിയല്ല. പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാന്‍ മാത്രമേ അത് ഉപകരിക്കൂവെന്നും ഖാദര്‍ പറഞ്ഞു. സവര്‍ണര്‍ മുന്പ് മാംസാഹാരം കഴിച്ചിരുന്നവരാണ്. മുസ്ലീങ്ങള്‍ക്ക് നിര്‍ബന്ധമായും കഴിക്കേണ്ട ആഹാരവുമല്ല ബീഫ്.

 
കന്നുകാലി കച്ചവടത്തിലും കൃഷിയിലും അറവുശാലകളിലും എല്ലാ ജാതിമതസ്ഥരുമുണ്ട്. ഇക്കാര്യം മറച്ചുവച്ച് ഒരു സമുദായത്തെ പ്രകോപിപ്പിക്കാനും അതിലൂടെ മറുവിഭാഗത്തിന്റെ പിന്തുണ തേടാനും സംഘപരിവാര്‍ ശ്രമിക്കുന്‌പോള്‍ അതിനെ സഹായിക്കും വിധം അന്തരീക്ഷം കൊഴുപ്പിക്കാന്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെ ആരും അവസരം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 
ഇന്ത്യയില്‍ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയതയും ഏകാധിപത്യവും ജനദ്രോഹ നടപടികളും കൃത്യമായ രാഷ്ട്രീയ അജണ്ട കൂടിയാണ്. തൊഴില്‍ ചെയ്യാനും വ്യാപാരം നടത്താനുമുള്ള അവകാശങ്ങളെ ഹനിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങള്‍. ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള മൗലികാവകാശത്തെയും കേന്ദ്രം തടയുന്നു. ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം നടക്കുന്ന ബീഫ് കയറ്റുമതിയുടെ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാദങ്ങളെ ഖണ്ഡിക്കുകയാണ് കെ.എന്‍.എ ഖാദര്‍.

Leave a Reply

Your email address will not be published. Required fields are marked *