ഷെട്ടി പറഞ്ഞത് തെറ്റ്, മഹാഭാരതത്തിന്റെ പേര് കേരളത്തില്‍ മാറ്റിയത് പേടിച്ചിട്ട് തന്നെ . . !

കൊച്ചി: എംടിയുടെ രണ്ടാമൂഴം കേരളത്തില്‍ മഹാഭാരതമാകാത്തത് ആര്‍എസ്എസിനെ പേടിച്ച്.

ഗള്‍ഫിലും ഡല്‍ഹിയിലും അധികാര കേന്ദ്രങ്ങളില്‍ വന്‍ പിടിപാടുള്ള എന്‍ ആര്‍ ഐ ബിസിനസ്സുകാരന്‍ ബി.ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന മഹാഭാരതം കേരളത്തില്‍ രണ്ടാമൂഴമായി ഇറക്കുന്നത് എം ടിയോടുള്ള ആദരസൂചകമായിട്ടാണെന്ന ഷെട്ടിയുടെ അവകാശവാദം തന്നെ തെറ്റാണ്.

രണ്ടാമൂഴം മഹാഭാരതമാക്കാനാണ് താല്‍പര്യമെന്ന് നേരത്തെ തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നതാണ്.

എം ടിയും മഹത്തായ ഇതിഹാസമായ മഹാഭാരതമെന്ന പേരില്‍ രണ്ടാമൂഴം തിരക്കഥ സിനിമയാകാനാണ് ആഗ്രഹിച്ചത്.

കേരളത്തില്‍ ഒരു പേരും മറ്റെല്ലായിടത്തും മറ്റൊരു പേരും നല്‍കേണ്ടി വന്നത് തന്നെ ഗതികേടുകൊണ്ടാണെന്ന് വ്യക്തമാണ്.

തമിഴിലെ സൂപ്പര്‍ താരം വിജയ് യുടെ ഹിറ്റ് സിനിമയായ ‘തെറി’ക്ക് മലയാളത്തില്‍ വേറെ അര്‍ത്ഥമായിട്ടു പോലും പേര് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല.

രണ്ടാമൂഴത്തെ മഹാഭാരതമാക്കി മാറ്റുന്നത് ഭാവി തലമുറയെ പോലും വ്യാസ കൃതിയെ തെറ്റി ധരിപ്പിക്കുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല രംഗത്തു വന്നിരുന്നത്.

മഹാഭാരതമാക്കി സിനിമ പുറത്തിറക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി.

ആര്‍ എസ് എസിലെ പ്രബല വിഭാഗവും ഈ നിലപാടിന് ഒപ്പമായിരുന്നു.

ഇതോടെ സമവായത്തിനായി ചില ബിജെപി നേതാക്കളെ മുന്‍നിര്‍ത്തി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലുണ്ടായിരുന്നില്ല.

തുടര്‍ന്നാണ് കേരളത്തില്‍ രണ്ടാമൂഴമാക്കി തന്നെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായത്.

കേരളത്തിന്റെ ചുവടുപിടിച്ച് മറ്റു സംസ്ഥാനങ്ങളില്‍ ആര്‍ എസ് എസ് മഹാഭാരതമെന്ന പേരിനെതിരെ രംഗത്തുവരാതിരിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി ‘മഹാഭാരത’ത്തെ മാറ്റാനാണ് നീക്കം.

ഇതിനായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഷെട്ടിക്കും സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും അനുമതി ലഭിച്ചു കഴിഞ്ഞതായാണ് സൂചന.

തനിക്കയച്ച കത്തില്‍ മഹാഭാരതത്തിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായി ഷെട്ടി തന്നെയാണ് വെളിപ്പെടുത്തിയത്.

ഇനി പ്രധാനമന്ത്രിയുടെ പിന്തുണ തേടിയാലും ‘മഹാഭാരത’ വിവാദത്തില്‍ ആര്‍ എസ് എസ് കേന്ദ്ര നേതൃത്ത്വം എന്തു നടപടി സ്വീകരിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

മാത്രമല്ല മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി സിനിമ പുറത്തിറക്കിയാല്‍ തന്നെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും വിഭാഗങ്ങളും ഏത് തരത്തിലാണ് ആയിരം കോടി സിനിമയെ നോക്കി കാണുക എന്നതും പ്രസക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *