പ്രകൃതിയെ ചൂഷണം ചെയ്യരുത്: മന്ത്രി ജലീല്‍

കല്‍പ്പറ്റ:   പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഭര്‍ത്താവും ഭാര്യയും പോലെയാകണമെന്ന് മന്ത്രി കെ ടി ജലീല്‍. എന്നാല്‍ ഇന്നത്തെ ബന്ധം പരസ്ത്രീയും പരപുരുഷനും പോലെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള വസ്തുമാത്രമാക്കി. ചൂഷണം ചെയ്യുകയല്ല ആവശ്യമായത് പ്രകൃതിയില്‍നിന്നും എടുക്കുകയാണ് വേണ്ടത്. പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ഗവ. കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രണ്ട്തരം പ്രകൃതി വിഭവങ്ങളാണുള്ളത്. പുനസ്ഥാപിക്കപ്പെടുന്നതും പുനസ്ഥാപിക്കപ്പെടാത്തതും. ഒരുതുള്ളി പെട്രോള്‍ എടുത്താല്‍ അതിന് പകരമായി മറ്റൊരുതുള്ളി പെട്രോള്‍ ലോകാവസനംവരെ ഉണ്ടാകില്ല. കല്‍ക്കരിയുള്‍പ്പെടെയുള്ള വിഭവങ്ങളും ഇതുപോലയാണ്. ഈ ബോധ്യം ഓരോ ഉപയോഗത്തിലും ഉണ്ടാകണം. ഒരു ചെങ്കല്ല് വെട്ടിയെടുത്താല്‍ അതുപോലൊരു ചെങ്കല്ല് പിന്നീട് ഉണ്ടാകാന്‍ അയ്യായിരം വര്‍ഷം വേണ്ടിവരുമെന്നാണ് പഠനം.

മണല്‍ ഉള്‍പ്പെടെ പുനസ്ഥാപിക്കപ്പെടുന്ന വിഭവങ്ങളും പുനസ്ഥാപിക്കപ്പെടാത്ത വിഭവങ്ങളുടെ പട്ടികയിലേക്ക് മാറുകയാണ്. ഇന്നത്തെ നിലയില്‍ പ്രകൃതിയെ ചൂഷണം ചെയ്താല്‍ രണ്ടര നൂറ്റാണ്ട് കഴിഞ്ഞാല്‍ വീണ്ടും കാളവണ്ടി യുഗത്തിലേക്ക് പോകുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു.  ഓക്‌സിജനുവേണ്ടി വരും തലമുറ കേഴേണ്ടിവരും. പ്രപഞ്ചത്തിന്റെ ആയുസ് കുറഞ്ഞുവരികയാണ്.

അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലേണ്ടിവരും. എന്നാല്‍ തെരുവ് നായ്ക്കളെ മുഴുവന്‍ നിഷ്‌ക്കാസനം ചെയ്യണമെന്നത് ബുദ്ധിയില്ല. ഓരോജീവജാലവും നിലകൊള്ളുന്നത് അതിന്റെ ധര്‍മം നിര്‍വഹിച്ചുകൊണ്ടാണ്. ഒന്നില്ലാതായാല്‍ മറ്റൊന്നിന് ദോഷമാകും. മരത്തിന് ബദലായി മറ്റൊന്നില്ല. പ്രകൃതിക്ക് മേലുള്ള കൈയേറ്റം എല്ലാ സീമകളും ലംഘിച്ചു. ഇതിന് വിരാമമിട്ടില്ലെങ്കില്‍ നമ്മള്‍ അനുഭവിക്കുന്ന ദുരിതത്തിനും അതിരുകളുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *