ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേനാ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ചുമത്തിയത് നിസാര കുറ്റങ്ങള്‍. ഹിന്ദുസേന പ്രവര്‍ത്തകര്‍ യെച്ചൂരിയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ ഹിന്ദുസേന പ്രവര്‍ത്തകരല്ലെന്നും അനുഭാവികള്‍ മാത്രമാണെന്നും ചാര്‍ജ് ഷീറ്റിലുണ്ട്. നിസാരകുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതിനാല്‍ ഇവര്‍ക്ക് ഇന്ന് തന്നെ ജാമ്യം ലഭിച്ചേക്കുമെന്നാണ് അറിയുന്നത്.
എന്നാല്‍ പോലീസ് നടപടിയില്‍ ആശ്ചര്യപ്പെടാനൊന്നുമില്ലെന്നാണ് ഇതിനെക്കുറിച്ചുളള യെച്ചൂരിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന് കീഴിലാണ് ഡല്‍ഹി പോലീസ്. ആക്രമണം നടത്തിയവര്‍ക്ക് ഇവരുമായുളള ബന്ധം വ്യക്തമാണല്ലോ. ജനങ്ങളുടെ സുരക്ഷ അവനവന് തന്നെ ഉറപ്പാക്കേണ്ട അവസ്ഥയാണ് രാജ്യത്തെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് യെച്ചൂരിക്ക് നേരെ ഹിന്ദുസേനാ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടാകുന്നത്. ഉപേന്ദ്ര കുമാര്‍, പവന് കൌള്‍ എന്നിവരാണ് സിപിഐഎം മൂര്‍ദാബാദ്, സിപിഐ എം രാജ്യദ്രോഹികള്‍, യെച്ചൂരി പാകിസ്ഥാനിലേക്ക് പോ, ആര്‍എസ്സ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് എകെജി ഭവനില്‍ അതിക്രമിച്ച് കയറി, യെച്ചൂരിയെ കൈയേറ്റത്തിന് മുതിര്‍ന്നത്.
ഇവരെ സിപിഐഎം പ്രവര്‍ത്തകര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറുകയാണ്.
