മലപ്പുറം: പി.എന്‍.ഡി.റ്റി ആക്റ്റ് പ്രകാരം സൂക്ഷിക്കേണ്ട നിയമാനുസൃത രേഖകളും ഫോമുകളും സൂക്ഷിക്കാത്ത സ്കാനിങ് സെന്ററുകളുടെയും ക്ലിനിക്കുകളുടെയും ലൈസന്‍സ് റദ്ദാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍ദ്ദേശം നല്കി. ഈ നിയമമനുസരിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നതും ഭ്രൂണഹത്യ നടത്തുന്നതും കുറ്റകരമാണ്. ജനിറ്റിക് കൗണ്‍സലിങ് സെന്റര്‍, ജനിറ്റിക് ലാബോര്‍ട്ടറി, ക്ലിനിക്, ഹോസ്പിറ്റല്‍, നഴ്സിങ് ഹോം എന്നിവ പ്രവര്‍ത്തിക്കുന്നതിന് രജിസ്ട്രേഷനും അനുമതിയും നിര്‍ബന്ധമാണ്.
അനുമതിയുള്ള സ്ഥാപനങ്ങള്‍ കൗണ്‍സിലിങ്ങിനും പ്രീ നാറ്റല്‍ ഡയഗണോസറ്റിക് ടെസ്റ്റിനും വിധേയമാകുന്ന സ്ത്രീകളുടെ പേര്, വിലാസം, ഭര്‍ത്താവിന്റെ അല്ലെങ്കില്‍ മാതാപിതാക്കളുടെ പേര്, ടെസ്റ്റിന് അല്ലെങ്കില്‍ കൗണ്‍സലിങിന് വേധേയമായ തിയതി എന്നിവ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. കൂടാതെ കൗണ്‍സലിങ് സെന്ററുകള്‍ ഫോം ഡി, ലാബോറട്ടറികള്‍ ഫോം ഇ തുടങ്ങിയവ സൂക്ഷിക്കണം.
ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കണം. ജീവനക്കാര്‍ മാറുകയോ നിലവില്‍ ഉപയോഗിക്കുന്ന മെഷിനറികള്‍ മാറ്റുകയോ ചെയ്താല്‍ 30 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. കലക്ട്രേറ്റില്‍ ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ ഡി.എം.ഒ ഡോ. കെ. സക്കീന, ആര്.സി.എച്ച് ഓഫീസര്‍ ഡോ. രേണുക, മാസ് മീഡിയ ഓഫീസര്‍ ടി.എം. ഗോപാലന്, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
