ഭോപാല്‍: മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സമാധാന നിരാഹാരത്തിനു ബദലായി കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂര്‍ സത്യാഗ്രഹം തുടങ്ങുന്നു. മധ്യപ്രദേശിലെ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം. ജൂണ്‍ 14 സത്യാഗ്രഹമിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഗുണ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് സിന്ധ്യ. മന്ത്‌സൗറില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറ് കര്‍ഷകരുടെയും ബന്ധുക്കളെ സിന്ധ്യ സന്ദര്‍ശിക്കും. നേരത്തെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ മന്ത്‌സൗര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും കര്‍ഷക കുടുംബങ്ങളെ കാണുന്നതില്‍ നിന്നും പൊലീസ് തടഞ്ഞിരുന്നു. ക്രമസമാധാനപാലനം നടപ്പാക്കാന്‍ സാധിക്കാത്ത ശിവ്‌രാജ് സിങ് ചൗഹാന് മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ആരോപിച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട കര്‍ഷകരിലൊരാള്‍ 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അച്ഛനാണ്. നിരാഹാരമിരിക്കുന്നതിനു പകരം ചൗഹാന്‍ കര്‍ഷകന്റെ ഭാര്യയെയും മരിച്ചവരുടെ കുടംബാംഗങ്ങളെയും സന്ദര്‍ശിക്കുകയായിരുന്നു ചെയ്യേണ്ടതെന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് അജയ് സിങ്പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും ചൗഹാന്‍ കര്‍ഷക കുടംബങ്ങളെ കാണണമെന്നും സംഭവ സ്ഥലം സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരാഹാരമിരിക്കുന്നതിനു പകരം കര്‍ഷകരെ കണ്ട് അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ കര്‍ഷകരെ പിന്തുണച്ച് ശിവസേന അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും ശിവസേനയുടെ മാധ്യമ വാക്താവ് അപൂര്‍വ ദുബെ അറിയിച്ചിരുന്നു.
