അക്രമങ്ങള്‍ക്കു പ്രേരണ നല്‍കുന്നത് യെച്ചൂരി

കൊല്ലം: സി പി എമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കു പ്രേരണ നല്‍കിയത് സി പി എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്ന് ബി ജെ പി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യെച്ചൂരിയുടെ ട്വിറ്ററിലൂടെയുള്ള പ്രസ്താവനയാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. യെച്ചൂരിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ സി പി എം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പിണറായിയുടെ പൊലീസ് നടപടിയെടുക്കുന്നില്ല. ബി ജെ പിയുടേയും ആര്‍ എസ് എസിന്‍േറയും ബി എം എസിന്റേയും ഓഫീസുകളില്‍ നിത്യേന അക്രമം നടത്തുകയാണ്. ഫസല്‍ വധക്കേസില്‍ ബി ജെ പിക്കെതിരെ സി പി എം പച്ചനുണ പ്രചരിപ്പിക്കയാണെന്നും ചോദ്യത്തിന് ഉത്തരമായി കുമ്മനം പറഞ്ഞു.

കോടിയേരി ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നപ്പോഴാണ് ഫസല്‍ വധക്കേസിലെ പ്രതികളെ പിടികൂടിയത്. യു പി എയുടെ കാലത്താണ് സി ബി ഐ അന്വേഷിച്ചത്. എന്നിട്ടും യുക്തിക്കു നിരക്കാത്ത കാര്യങ്ങളാണ് സി പി എം ഉന്നയിക്കുന്നത്. ആത്മസംയമനം ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കന്നുകാലി കശാപ്പു നിരോധിച്ചിട്ടില്ലെന്നും ബീഫ് കഴിക്കുന്നതില്‍ വിലക്കില്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി കുമ്മനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *